സംസ്ഥാനത്ത് ഇടിമിന്നലോടെ കൂടിയ മഴ തുടരും


തിരുവനന്തപുരം: മധ്യകേരളത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ പുലർച്ചെ ശക്തമായ മഴ ലഭിച്ചു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെയുള്ള തീരങ്ങളിലും ആലപ്പുഴ ജില്ലയിലും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന തിരമാലകളും കടലാക്രമണവും ഉണ്ടായേക്കാം. ആലപ്പുഴയിലും എറണാകുളത്തും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

അതേസമയം, കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.