സംസ്ഥാനത്ത് മഴ തുടരുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

sea

 കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഗുജറാത്ത് തീരം മുതൽ മധ്യകേരള തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ജൂലൈ 13 വരെ ഇടത്തരം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിയോടും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ-മലയോര മേഖലകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശമുണ്ട്.

അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിന് പുറമെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും പ്രളയബാധിത മേഖലകളിൽ മരണനിരക്ക് ഉയരുന്നത് ആശങ്കയാവുകയാണ്. പുനെയിൽ കെട്ടിടം തകർന്നതിനെത്തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ ഇന്നും ഊർജിതമായി നടക്കും.

Tags