കാലവർഷത്തിൽ ലഭിച്ചത് ശരാശരിയുടെ 5% മഴ മാത്രം
കൊച്ചി : ഈ മാസം ആദ്യ രണ്ടാഴ്ച കാലവർഷത്തിൽ ലഭിച്ചത് ശരാശരിയുടെ 5% മഴ മാത്രം. 95 % മഴ കുറഞ്ഞതു വരും ദിവസങ്ങളിൽ രൂക്ഷമായ പ്രതിസന്ധികൾക്കു കാരണമായേക്കാം. പസഫിക് മേഖലയിലെ എൽനിനോ ഉൾപ്പെടെ കാലാവസ്ഥാ മാറ്റങ്ങൾ സംസ്ഥാനത്തെ ഇത്തവണ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കേന്ദ്രകാലാവസ്ഥാ വകുപ്പ് കണക്കുകൾ പ്രകാരം 133 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 7 മില്ലിമീറ്റർ മഴ മാത്രമാണു ലഭിച്ചത്.
11 ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ ഒന്നു മുതൽ ആറു ശതമാനം വരെയാണു ലഭിച്ചത്. ശരാശരിയുടെ 10 ശതമാനമെങ്കിലും മഴ കിട്ടിയത് കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ മാത്രമാണ്. മഴ കുറയുന്നതിനൊപ്പം താപനിലയിൽ രണ്ടു മുതൽ നാലു ഡിഗ്രി വരെ വർധനവാണു സംസ്ഥാനത്തു പലയിടത്തും അനുഭവപ്പെട്ടത്.
കാർഷിക മേഖലയിലുൾപ്പെടെ പ്രതിസന്ധിയുണ്ടാകാനാണു സാധ്യത. കാലവർഷത്തിന്റെ ജൂൺ മുതലുള്ള കണക്കെടുത്താൽ ഇതുവരെ മഴക്കുറവ് 27 % ആണ്. 2023ൽ എൽനിനോ അനുഭവപ്പെട്ട സമയത്ത് സെപ്റ്റംബർ അവസാനം 34 % മഴ കുറവാണു ലഭിച്ചത്.
ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ∙ മഴ മുന്നറിയിപ്പിനെത്തുടർന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിച്ചേക്കാവുന്ന ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്കാണു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
.jpg)

