കൊല്ലം - കോട്ടയം മെമു ട്രെയിന്‍ സര്‍വീസ് എറണാകുളത്തേക്ക് നീട്ടി റെയില്‍വേ

memu

പുതിയ മെമു സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നതോടെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാര്‍ക്കും ആശ്വാസമാകും.

കൊല്ലം - കോട്ടയം മെമു ട്രെയിന്‍ സര്‍വീസ് എറണാകുളത്തേക്ക് നീട്ടി റെയില്‍വേ. കൊടിക്കുന്നില്‍ സുരേഷ് എംപി, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ എന്നിവരുടെ ഇടപെടലിന്റെ ഫലമായാണ് റെയില്‍വേയുടെ നടപടി. കോട്ടയം - എറണാകുളം റൂട്ടില്‍ ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് നടപടി ഏറെ ആശ്വാസകരമാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. വൈകുന്നേരങ്ങളില്‍ വേണാട് എക്‌സ്പ്രസില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ തിരക്കും യാത്രാദുരിതവും നേരിട്ട് ബോധ്യപ്പെടുത്തിയാണ് കേന്ദ്ര റെയില്‍വേ മന്ത്രിയോട് അധിക ട്രെയിന്‍ സര്‍വീസിനായി ആവശ്യപ്പെട്ടതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.


ഏറ്റുമാനൂര്‍, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളില്‍ മെമുവിന് സ്റ്റോപ്പ് ഉണ്ട്. കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1:40ന് പുറപ്പെടുന്ന രീതിയിലാണ് സമയക്രമം. എറണാകുളത്തുനിന്ന് വൈകുന്നേരം 5:25നാണ് ട്രെയിന്‍ പുറപ്പെടുക. പുതിയ സര്‍വീസിന്റെ സമയക്രമവും സ്റ്റോപ്പുകളും തീരുമാനിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഫയലില്‍ ഒപ്പുവെച്ചു. തിങ്കളാഴ്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.

സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇരിക്കാനോ സുരക്ഷിതമായി നില്‍ക്കാനോ പോലും ഇടമില്ലാത്ത സാഹചര്യത്തിന്റെ ചിത്രങ്ങളും വീഡിയോകളും മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. തുടര്‍ച്ചയായ ഇടപെടലുകളുടെയും ചര്‍ച്ചകളുടെയും ഫലമായാണ് ഇപ്പോള്‍ അനുകൂല തീരുമാനം ഉണ്ടായതെന്നും എംപി അറിയിച്ചു. കേരളപ്പിറവി ദിനത്തില്‍ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ലഭിക്കുന്ന സന്തോഷകരമായ സമ്മാനമായി ഈ തീരുമാനത്തെ കാണുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.


പുതിയ മെമു സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നതോടെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാര്‍ക്കും ആശ്വാസമാകും. പ്രത്യേകിച്ച് ചെങ്ങന്നൂര്‍, ചെറിയനാട്, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, മണ്‍ട്രോത്തുരുത്ത് മേഖലകളിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാസൗകര്യം ലഭിക്കും.

Tags