ദസറ, പൂജ അവധിക്കാലം; യാത്രക്കാരുടെ സൗകര്യത്തിനായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
തിരുവനന്തപുരം: ദസറ, പൂജ ഉത്സവ തിരക്ക് കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യത്തിനായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത്–സാന്ത്രാഗച്ചി, ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് റൂട്ടുകളിലാണ് പ്രത്യേക എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഈ ട്രെയിനുകളിലേക്കുള്ള മുൻകൂർ ടിക്കറ്റ് റിസർവേഷൻ നാളെ രാവിലെ എട്ടു മണി മുതൽ ആരംഭിക്കും.
ട്രെയിൻ നമ്പർ 06105 തിരുവനന്തപുരം നോർത്ത്–സാന്ത്രാഗച്ചി എക്സ്പ്രസ് സ്പെഷ്യൽ 2026 ഒക്ടോബർ 15 വ്യാഴാഴ്ച ഉച്ചയ്ക്ക് 14.15-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 13.45-ന് സാന്ത്രാഗച്ചിയിൽ എത്തും. മടക്കയാത്രയിൽ ട്രെയിൻ നമ്പർ 06106 സാന്ത്രാഗച്ചി–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ ഒക്ടോബർ 18 ഞായറാഴ്ച ഉച്ചയ്ക്ക് 14.15-ന് സാന്ത്രാഗച്ചിയിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 09.55-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. ഈ ട്രെയിനിൽ നാല് സ്ലീപ്പർ ക്ലാസ് കോച്ചുകളും 14 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ഭിന്നശേഷി സൗഹൃദമായ രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ഉണ്ടാകുക. ഇരു ദിശകളിലേക്കും ഓരോ സർവീസാണ് നടത്തുന്നത്.
ബെംഗളൂരു റൂട്ടിൽ പ്രഖ്യാപിച്ച ട്രെയിൻ നമ്പർ 06575 ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് 16.40-ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്കയാത്രയിൽ ട്രെയിൻ നമ്പർ 06576 തിരുവനന്തപുരം നോർത്ത്–ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ ഒക്ടോബർ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 06.00-ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും. നാല് എസി ത്രീ ടയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, എട്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിവയാണ് ഈ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ റൂട്ടിലും ഓരോ സർവീസുകൾ വീതമാണ് ഉണ്ടാവുക. ഇരു ട്രെയിനുകളിലേക്കുമുള്ള ടിക്കറ്റ് ബുക്കിംഗ് നാളെ രാവിലെ എട്ട് മണി മുതൽ ലഭ്യമാകും.
.jpg)


