സുരക്ഷാ ഭീഷണിയിൽ വർക്കല റെയിൽവേ സ്റ്റേഷൻ യാത്രക്കാർ

വർക്കല: വർക്കല റെയിൽവേ സ്റ്റേഷനിൽ സുരക്ഷയില്ലാതെ യാത്രക്കാർ. തെരുവുനായ്ക്കളെയും സാമൂഹിക വിരുദ്ധരെയും ഭയക്കാതെ പ്ലാറ്റ്ഫോമിലൂടെ കടന്നുപോകാനാവാത്ത സ്ഥിതിയാണ്. സുരക്ഷ ഭീഷണിയെക്കുറിച്ച് യാത്രക്കാരും മാധ്യമങ്ങളും നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെ ഇരുട്ടുവീണാൽ പ്ലാറ്റ്ഫോമുകളുടെ 80 ശതമാനവും ബ്ലാക്ക് സ്പോട്ടുകളായി മാറി.
ജില്ലയിലെ തിരക്കേറിയ രണ്ടാമത്തെ സ്റ്റേഷനാണ് വർക്കല. സുരക്ഷാ വീഴ്ചയായി നിരവധി ഘടകങ്ങളാണ് യാത്രക്കാർ ഉന്നയിക്കുന്നത്. രാപകൽ ഭേദമില്ലാതെ തെരുവുനായ്ക്കൾ കൂട്ടത്തോടെ പ്ലാറ്റ്ഫോമിൽ വിഹരിക്കുന്നുണ്ട്. രാത്രി ഇതുവഴി പോകുന്നവർക്ക് നേരെ അപ്രതീക്ഷിതമായി നായ്ക്കൾ കുരച്ചു പാഞ്ഞടുക്കാറുണ്ട്.
സ്ത്രീകളും പെൺകുട്ടികളുമടക്കമുള്ളവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കാൽവഴുതിവീണ് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. മദ്യപസംഘങ്ങളുടെയും താവളമാണിവിടം. ഇവരിൽ പലരും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ തുറിച്ചുനോട്ടത്തോടെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നുണ്ടെന്ന് പരാതി ഉയരുന്നു.സ്റ്റേഷൻ പരിസരത്തിൽ ലഹരി വിൽപനസംഘങ്ങളും സജീവമാണ്. സ്റ്റേഷന് സമീപത്തെ ബാറിൽനിന്ന് മദ്യപിച്ചശേഷം കിഴക്കുവശത്തെ പ്ലാറ്റ്ഫോമിന്റെയും ട്രാക്കിന്റെയും സമീപം വഴിമുടക്കുംവിധം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരും യാത്രക്കാർക്ക് സുരക്ഷാഭീഷണിയുയർത്തുന്നു.സ്റ്റേഷന് മുന്നിലും പാർക്കിങ് ഏരിയകളിലെയും വെളിച്ചക്കുറവും ഇത്തരക്കാർക്ക് സഹായകമാകുന്നു. സ്റ്റേഷന് മുന്നിൽ ആകെയുള്ളത് ഒറ്റ ലാമ്പ് മാത്രമുള്ള ഒരു ഹൈമാസ്റ്റ് ലൈറ്റാണ്. ഇതാകട്ടെ പലപ്പോഴും പ്രകാശിക്കാറുമില്ല.
പ്ലാറ്റ്ഫോമിലെ പണം നൽകി ഉപയോഗിക്കാവുന്ന ശുചിമുറി ബ്ലോക്ക് നടത്തിപ്പുകാർക്ക് യാത്രക്കാരോട് സൗഹാർദ നിലപാടല്ലയുള്ളത്. കരാറുകാരൻ ഇവിടെ നിയമിച്ചിട്ടുള്ള ജീവനക്കാരനും മിക്കപ്പോഴും മദ്യലഹരിയിലാണെന്ന് പരാതിയുമുണ്ട്.വർക്കല സ്റ്റേഷൻ വികസനത്തിന് അനുവദിക്കപ്പെട്ട കോടികൾ ചെലവിടുന്ന വികസന പദ്ധതികളിൽ മതിയായ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാനും അധികൃതർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയിലെ പ്രധാന സ്റ്റേഷനായിട്ടും ആകെയുള്ളത് രണ്ട് പൊലീസുകാർ മാത്രമാണ്. പൊലീസുകാരുടെ എണ്ണം കൂട്ടിയെങ്കിൽ മാത്രമേ നിലവിലെ പ്രശ്നങ്ങളും യാത്രക്കാരുടെ ദുരിതങ്ങളും കുറേയെങ്കിലും പരിഹരിക്കപ്പെടുകയുള്ളൂ.