‘രാഹുലിൻറെ സസ്പെൻഷൻ സ്ത്രീകളോടുള്ള കോൺഗ്രസിൻറെ ആദരവ്, സി.പി.എമ്മിനെയും ബി.ജെ.പിയെയും പോലെ പാർട്ടിയുടെ മുൻനിരയിൽ നിൽക്കുന്നയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കാറില്ല‘ : വി.ഡി. സതീശൻ

‘Rahul’s suspension shows Congress’s respect for women, not trying to save the party’s frontline leader like CPM and BJP’: VD Satheesan
‘Rahul’s suspension shows Congress’s respect for women, not trying to save the party’s frontline leader like CPM and BJP’: VD Satheesan

തിരുവല്ല: ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൻറെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മിനെയും ബി.ജെ.പിയെയും പോലെ പാർട്ടിയുടെ മുൻനിരയിൽ നിൽക്കുന്നയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന തീരുമാനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് സതീശൻ പറഞ്ഞു.

tRootC1469263">

ഒരു രാഷ്ട്രീയ പാർട്ടി കാർശ്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും തീരുമാനം എടുക്കുന്നത് കേരള ചരിത്രത്തിൽ ആദ്യം. റേപ്പ് കേസ് പ്രതി കൈപൊക്കി മന്ത്രിയായ എം.ബി രാജേഷിന് കോൺഗ്രസിനെ വിമർശിക്കുന്നതിൽ സ്വയം ഒരു ഉളുപ്പ് വേണ്ടേ എന്നും വി.ഡി. സതീശൻ വ്യക്തമക്കി.

കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയതു പോലെ ഇതുവരെ ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല. എന്നിട്ടും 24 മണിക്കൂറിനകം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിച്ചു. ഉയർന്നുവന്ന ആരോപണം പരിശോധിച്ച് നേതാക്കളുമായി ആശയവിനിമയം നടത്തിയാണ് പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ഇതുപോലൊരു തീരുമാനം ഇതിന് മുൻപ് കേരളത്തിൽ എടുത്തിട്ടുണ്ടോ?

ക്രോംപ്രമൈസ് ആയിപ്പോയെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. ഒരു റേപ്പ് കേസിലെ പ്രതി കൈപൊക്കിയിട്ടാണ് എം.ബി രാജേഷ് മന്ത്രി സ്ഥാനത്ത് ഇരിക്കുന്നത്. സ്വയം ഒരു ഉളുപ്പ് വേണ്ടേ? റേപ്പ് കേസിലെ പ്രതിയാണ് സി.പി.എമ്മിൽ എം.എൽ.എയായി തുടരുന്നത്. ഇത്തരക്കാർക്കെതിരെ സി.പി.എം നടപടി എടുക്കാത്തതും ബി.ജെ.പി പോക്‌സോ കേസിലെ പ്രതിയെ ഉന്നതാധികാര സമിതിയിൽ ഇരുത്തിയിരിക്കുന്നതുമൊക്കെ ഞങ്ങൾക്കും വേണമെങ്കിൽ ചൂണ്ടിക്കാണിക്കാമായിരുന്നു. ഒരുപാട് പേരുടെ പേരുകൾ സി.പി.എമ്മിൽ നിന്നു തന്നെ പറയാം. പക്ഷെ ഞങ്ങൾ അതിനൊന്നും തയാറായില്ല. അതെല്ലാം പറഞ്ഞ് ഉഴപ്പുന്നതിനു പകരം ആദ്യം തന്നെ സ്ഥാനത്ത് നിന്ന് മാറ്റുകയും പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

സ്ത്രീകളോടുള്ള ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ബഹുമാനവും ആദരവുമാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോഴാണ് പാർട്ടി നടപടി സ്വീകരിച്ചത്. വേറെ ഒരു പാർട്ടിയെയും പോലെയല്ല കോൺഗ്രസ് ഇക്കാര്യത്തിലെന്ന് മാധ്യമങ്ങളെക്കൊണ്ട് പറയിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് ഇപ്പോൾ നടപ്പാക്കി. മറ്റു പാർട്ടികളെ പോലെയല്ല കോൺഗ്രസ് നിലപാടെടുത്തത്. ഞങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ആൾക്കെതിരെയാണ് നടപടിയെടുത്തത്. പാർട്ടിയുടെ മുൻനിരയിൽ നിൽക്കുന്ന ഒരാളെ രക്ഷപ്പെടുത്താൻ ഒരു ശ്രമമവും നടത്താതെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തത്. അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുക തന്നെ ചെയ്യും.

സി.പി.എം നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടു പോലും അവരൊക്കെ സ്ഥാനങ്ങളിൽ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ ആരോപണവിധേയർ ഇരിക്കുകയാണ്. ഞങ്ങളോട് ചോദിക്കുന്നതു പോലെ അതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിക്കണം. പക്ഷെ നിങ്ങൾ ആരോടും ചോദിക്കില്ല. ഇപ്പോൾ രാഹുലിന്റെ രാജി ആവശ്യപ്പെട്ട സി.പി.എം വനിതാ നേതാക്കളാരും ആരോപണ വിധേയരായ സി.പി.എം നേതാക്കൾക്കെതിരെ നടപടി എടുക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ആരോപണവിധേയർക്കെതിരെ ഒരു നോട്ടീസ് നൽകാൻ പോലും സി.പി.എം തയാറായിട്ടില്ല. ആരോപണ വിധേയർ സി.പി.എമ്മിൽ ഇരിക്കുമ്പോഴാണ് കോൺഗ്രസ് കർശന നടപടി എടുത്തത്. അതാണ് കേരളത്തിലെ കോൺഗ്രസ്. അത് അടയാളപ്പെടുത്തിയാൽ മതി.

എല്ലാവരുമായും ആലോചിച്ചാണ് കോൺഗ്രസ് നടപടി സ്വീകരിച്ചത്. സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം കേരളത്തിൽ തുടങ്ങിവച്ചത് സി.പി.എമ്മാണ്. ഒരു സ്ത്രീ പോലും സൈബർ ഇടത്തിൽ ആക്രമിക്കപ്പെടരുത് എന്നതാണ് കോൺഗ്രസ് നിലപാട്. സ്ത്രീകളെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നത് ഒരു തരം മനോരാഗമാണ്. എത്ര വനിതാ മാധ്യമപ്രവർത്തകരെയാണ് സി.പി.എം സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചത്. അന്നൊന്നും ഒരു ചോദ്യവും ഉണ്ടായില്ല. സൈബർ ഇടങ്ങളിലെ ആക്രമണം അവസാനിപ്പിക്കണം. നല്ല നിലപാടുള്ള പാർട്ടിയാണ് കോൺഗ്രസ്. വിഷയം പരിശോധിച്ച് രാഷ്ട്രീയ പ്രസ്ഥാനത്തിന് എടുക്കാൻ പറ്റിയ ഏറ്റവും വലിയ തീരുമാനമാണ് കോൺഗ്രസ് എടുത്തിരിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും എടുക്കാത്ത ധീരതയോടെയുള്ള തീരുമാനമാണ് കോൺഗ്രസ് എടുത്തത്. റിപ്പോർട്ട് ചെയ്യുമ്പോൾ അതിനെയും മാധ്യമങ്ങൾ അഭിനന്ദിക്കണമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Tags