പത്തനാപുരം പോയാലും കേരളം പോയാലും ഇനി ഗണേഷിനെ ചുമക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : പത്തനാപുരം പോയാലും കേരളം പോയാലും ഇനി ഗണേഷ് കുമാറിനെ ചുമക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയതിൽ ഗണേഷിന് പങ്കുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോൾ അതിലുപരി അയാൾ ജീവിതത്തിൽ പകർന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടായാലും, ഇപ്പോൾ അഭയം കൊടുത്ത പിണറായി വിജയോനാടായാലും.
നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാർ കേസിൽ വ്യാജമായി കൂട്ടിച്ചേർത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലിൽ യാതൊരു അത്ഭുതവുമില്ലെന്ന് രാഹുൽ പ്രതികരിച്ചു. അത് എല്ലാവർക്കും അറിയുന്ന ഒരു സത്യമാണ്. ഉമ്മൻ ചാണ്ടി സാർ മരണം വരെ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്കുമാറിന്റെ പൊതുജീവിതം.
ഇപ്പോൾ ഇടയ്ക്കൊക്കെ സർക്കാർ വിമർശനമൊമൊക്കെ നടത്തി യു.ഡി.എഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യു.ഡി.എഫ് പത്തനാപുരം എം.എൽ.എ ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കുമെന്നും ഗണേശ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സി.ബി.ഐ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരപരാമർശമുള്ളത്. കേരള കോൺഗ്രസ്(ബി) നേതാവ് ഗണേഷ് കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും സി.ബി.ഐ പറയുന്നു.