രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തൊട്ടവൻറെ കൈവെട്ടും, അതിനുള്ള ആൺകുട്ടികൾ കോൺഗ്രസിലുണ്ട് ; കെ. സുധാകരൻ

k sudhakaran and rahul mankoottathil
k sudhakaran and rahul mankoottathil

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പിക്കെതിരെ അതേ നാണയത്തിൽ മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തൊട്ടന്നവൻറെ കൈവെട്ടുമെന്ന് സുധാകരൻ പറഞ്ഞു.

tRootC1469263">

രാഹുലിനെതിരെ കൊലവിളി നടത്തുന്ന ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിനെതിരെ നടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പാലക്കാട് കോട്ട മൈതാനത്ത് കെ.പി.സി.സി ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ഈ പ്രതിഷേധ പരിപാടിയിലായിരുന്നു സുധാകരൻറെ ഭീഷണി പ്രസംഗം.

അഭ്യാസങ്ങളും അടിയുംവെട്ടും ബി.ജെ.പിക്ക് മാത്രമുള്ളതല്ല. ഞങ്ങൾ വെട്ടിയാലും നിങ്ങൾക്ക് മുറിയും. അതിന് പറ്റിയ ആൺകുട്ടികൾ കോൺഗ്രസ് പാർട്ടിയിലുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെ ചെയ്തിട്ട് ഇവിടെ നിന്ന് പ്രവർത്തിക്കാമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?. വെറും തോന്നൽ മാത്രമാണ്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ ജനമനസിൽ ഭദ്രമാണെന്ന് വിശ്വസിക്കുന്നു. രാഹുലിനെ തൊട്ടാൽ തൊട്ടവൻറെ കൈവെട്ടിയില്ലെങ്കിൽ ഈ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനം ഉണ്ടാവില്ലെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.

പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറുടെ പേര് നൽകിയതിനെതിരെ പ്രതികരിച്ചതിനാണ് സ്ഥലം എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി നേതാക്കൾ ഭീഷണിയുമായി രംഗത്തെത്തിയത്. ആർ.എസ്.എസ് നേതാക്കളെ അവഹേളിച്ചാൽ എം.എൽ.എയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

കാൽ ഉള്ളിടത്തോളം കാലം കാൽ കുത്തിത്തന്നെ ആർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും കാൽവെട്ടിയെടുത്താൽ ഉള്ള ഉടൽവെച്ച് ആർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകി.

‘ഈ സംസാരം നിർത്തണമെങ്കിൽ നാവറുക്കേണ്ടി വരും. പിന്നെയും ആർ.എസ്.എസിനെതിരെ തന്നെ പ്രവർത്തിക്കും. അതു കൊണ്ട് ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും വേണ്ട. പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കാല് കുത്താൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പിക്കാർ പറയുന്നത്. അതിന് പ്ലാറ്റ്ഫോം ടിക്കറ്റ് കൊടുക്കുന്നത് ആർ.എസ്.എസ് അല്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെയുള്ള കാലം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാം. ട്രെയിനിൽ കേറാനും വന്നിറങ്ങാനും കാലു കുത്തി നിൽക്കാനും അറിയാം’ -രാഹുൽ പറഞ്ഞു.

നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്റെ പേര് നൽകിയ വിഷയത്തെ നിയമപരമായും ജനാധിപത്യപരമായും രാഷ്ട്രീയമായും നേരിടും. നഗരത്തിൽ ഭിന്നശേഷി നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനെയല്ല, ഭരണ നേതൃത്വത്തിലോ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലോ യാതൊരു പങ്കും വഹിക്കാത്ത ഒരു പ്രസ്ഥാനത്തിന്റെ വക്താവിന്റെ പേര് കേന്ദ്രത്തിനു നൽകുന്നതിനെയാണ് കോൺഗ്രസ്‌ എതിർക്കുന്നത്. ജനപ്രതിനിധിയുടെ കാൽ വെട്ടുമെന്ന ബി.ജെ.പി നേതാവിന്റെ ഭീഷണി പ്രസംഗത്തിൽ പൊലീസ് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. എത്ര ഭീഷണിപ്പെടുത്തിയാലും ആ‍‍ർ.എസ്.എസിനോടുള്ള എതിർപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹെഡ്‌ഗേവാറുടെ സ്‌മാരകമായി നൈപുണ്യ-വികസന ഡേ കെയർ സെന്റർ ആർ.എസ്.എസ് സംഘടനയുടെ നൂറാം വാർഷികമായ വിജയദശമി ദിനത്തിൽ തുറന്നു കൊടുക്കാനാണ് പാലക്കാട്‌ നഗരസഭ പദ്ധതിയിടുന്നത്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട്‌ നഗരസഭയിൽ സംസ്ഥാനത്ത്‌ ആദ്യമായി ആർ.എസ്‌.എസ്‌ സ്ഥാപകന്റെ പേരിൽ ഒരു തദ്ദേശ സ്ഥാപനം കെട്ടിടം നിർമിക്കുന്നത് സംഘടന നേട്ടമായാണ് ബി.ജെ.പി നഗരസഭ ഭരണസമിതി കാണുന്നത്.

നഗരസഭയുടെ സ്വന്തം ഫണ്ടല്ല, സി.എസ്‌.ആർ ഫണ്ടാണ്‌ ഉപയോഗിക്കുന്നതെന്ന ന്യായമാണ്‌ ബി.ജെ.പിയുടേത്‌. ഓഷ്യാനസ്‌ ഡ്വല്ലിങ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുടെ 1.25 കോടി രൂപ സാമൂഹിക പ്രതിബദ്ധത ഫണ്ട്‌ ഉപയോഗിച്ച്‌ നഗര സൗന്ദര്യവത്കരണമാണ്‌ ആദ്യം നടപ്പാക്കാൻ ഉദ്ദേശിച്ചതെങ്കിലും പിന്നീടാണ്‌ ഹെഡ്‌ഗേവാറുടെ സ്‌മാരകം നിർമിക്കാൻ തീരുമാനിച്ചത്‌. നഗരസഭ കൗൺസിൽ കൂടിയാലോചന പോലുമില്ലാതെയാണ് ആർ.എസ്‌.എസ്‌ സ്ഥാപകന്റെ പേര്‌ സർക്കാർ കെട്ടിടത്തിന്‌ നൽകുന്നത്‌.

Tags