രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം ; അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി, പരാതിക്കാരിയെ കക്ഷി ചേർത്തു

Rahul may arrive in Palakkad to vote in Mangkoota tomorrow

 കൊച്ചി : ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് വിലക്ക് ഹൈകോടതി നീട്ടി. ഈമാസം 21 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശം. മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷ ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മറുപടി സത്യവാങ്മൂലം നൽകാൻ പരാതിക്കാരിക്ക് രണ്ടാഴ്ചത്തെ സാവകാശം കോടതി നൽകി. എസ്‌.ഐ.ടി രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈകോടതിയെ സമീപിച്ചത്.

tRootC1469263">

ബലാത്സംഗം, വിവാഹ വാഗ്ദാനം നൽകി പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ചുകയറൽ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. രാഹുലിന് ജാമ്യം അനുവദിക്കുന്നത് തന്റെ ജീവനും സുരക്ഷക്കും ഭീഷണിയാണെന്നാണ് അതിജീവിത ഹരജിയിൽ പറയുന്നത്. ജീവന് ഭീഷണിയുള്ളതായും സൈബർ ആക്രമണത്തിന് ഇരയാകുന്നതായും ഇവർ പറയുന്നു. രാഹുലിൻറെ മുൻകൂർജാമ്യ ഹരജി ബുധനാഴ്ച കോടതിയുടെ പരിഗണനക്കെത്താനിരിക്കെയാണ് ഹരജി.

അതേസമയം, മറ്റൊരു യുവതി നൽകിയ പീഡനക്കേസിൽ സെഷൻസ് കോടതി തന്നെ മുൻകൂർജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സർക്കാറിൻറെ അപ്പീൽ ഹരജിയും കോടതിയുടെ പരിഗണനക്കുണ്ട്. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ അതിജീവിതയെ വീണ്ടും അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർജാമ്യ ഹരജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാറിന്റെ വിശദീകരണംതേടി. ഹരജി ജനുവരി 16ന് വീണ്ടും പരിഗണിക്കും.

അതിനിടെ, കുടുംബജീവിതം തകർത്തതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ നടപടി ആവശ്യപ്പെട്ട് അതിജീവിതയുടെ മുൻ ഭർത്താവ് രംഗത്തുവന്നു. പരാതി നൽകി ദിവസങ്ങളായിട്ടും മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ല. എം.എൽ.എയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

എം.എൽ.എയുടെ ഭാഗത്തുനിന്ന് ഹീനപ്രവൃത്തി ഉണ്ടായതിനാലും കുടുംബജീവിതം തകർത്തതിനാലുമാണ് പരാതി നൽകിയത്. തന്നെപ്പോലെ അപമാനം സഹിക്കുന്ന നിരവധി പേരുണ്ട്. അവർക്കുവേണ്ടി കൂടിയാണ് താൻ ശബ്ദിക്കുന്നത്. മെൻസ് കമീഷൻ രൂപവത്കരണം ഉൾപ്പെടെ ആവശ്യം ഉന്നയിക്കുന്ന രാഹുൽ ഈശ്വറിനെ പിന്തുണക്കുന്നു. അദ്ദേഹത്തിനെതിരെ കഴിഞ്ഞദിവസം ഒരാൾ വീണ്ടും പരാതി നൽകിയതിൽ ഖേദമുണ്ട്. എം.എൽ.എസ്ഥാനം രാജിവെപ്പിച്ചശേഷമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കേണ്ടിയിരുന്നത്. അതിജീവിതയുമായുള്ള വിവാഹമോചനത്തിന് ഉടൻ ഹരജി ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 

Tags