പൃഥ്വിരാജിന് നോട്ടീസ് ലഭിക്കുമെന്ന് താൻ ഇന്നലെ പറഞ്ഞതേയുള്ളൂ, അടുത്തത് എമ്പുരാൻ സിനിമ കണ്ടവർക്കാണ് നോട്ടീസ് വരാനുള്ളത് : രാഹുൽ മാങ്കൂട്ടത്തിൽ

rahul mankoottathil
rahul mankoottathil

പാലക്കാട്: പൃഥ്വിരാജിന് നോട്ടീസ് ലഭിക്കുമെന്ന് താൻ ഇന്നലെ പറഞ്ഞതേയുള്ളൂവെന്നും അടുത്തത് എമ്പുരാൻ സിനിമ കണ്ടവർക്കാണ് നോട്ടീസ് വരാനുള്ളതെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഇത്രയും നാണമില്ലാത്ത പേടിത്തൊണ്ടന്മാർ ആണല്ലോ ഈ ഫാഷിസ്റ്റുകളെന്നും അദ്ദേഹം പരിഹസിച്ചു.

പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ.ഡി റെയ്ഡിന് പിന്നാലെ നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ് ലഭിച്ചതിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.


കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമ നിർമാതാവ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് എന്ന വാർത്തക്ക് പിന്നാലെ അവർ ഇനി സിനിമയുടെ സംവിധായകൻ പൃത്വിരാജിനെയും നടൻ മോഹൻലാലിനെയും തേടി വരുമെന്ന് രാഹുൽ പോസ്റ്റിട്ടിരുന്നു.

ഇന്ന് രാവിലെയാണ് പൃത്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് അ‍യക്കുന്നത്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫിസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

ഈ മൂന്ന് ചിത്രങ്ങളിലും അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിട്ടില്ല. എന്നാല്‍ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തല്‍. അഭിനേതാവെന്ന നിലയില്‍ പണം വാങ്ങിയാൽ അതിന് നികുതി കൂടുതലാണ്. എന്നാല്‍ സഹ നിര്‍മാതാവ് എന്ന നിലയില്‍ പണം വാങ്ങുമ്പോള്‍ നികുതി താരതമ്യേന കുറവാണ്. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു.

ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിന് എമ്പുരാൻ സിനിമയുമായി ബന്ധമില്ലെന്ന് ഇ.ഡി പറയുന്നുണ്ടെങ്കിലും സിനിമക്കെതിരെ സംഘ്പരിവാർ നടത്തിയ സൈബർ ആക്രമണത്തിന്റെ തുടർച്ചയാണ് സിനിമയുടെ അണിയറ പ്രവർത്തകരെ ലക്ഷ്യംവെച്ചുള്ള കേന്ദ്രസർക്കാറിന്റെ നടപടിയെന്ന് വിലയിരുത്തുന്നത്.

സിനിമക്കെതിരെ സംഘപരിവാർ സംഘടനകളുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനമുണ്ടായതിനെ തുടർന്ന് വിവാദഭാഗങ്ങൾ നീക്കി റീ സെൻസർ ചെയ്താണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയത്. ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്.
 

Tags