ആശാവര്‍ക്കര്‍മാരുടെ സമരം നീളാന്‍ കാരണം മന്ത്രിയുടെ ഈഗോ: മാങ്കൂട്ടത്തില്‍

rahul mankoottathil
rahul mankoottathil

പാലക്കാട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഈഗോയാണ് ആശ വര്‍ക്കര്‍മാരുടെ സമരം നീളാന്‍ കാരണമെന്നും ആശാവര്‍ക്കര്‍മാര്‍ക്ക് 10000 രൂപ ശമ്പളം എന്ന ഇടതുമുന്നണിയുടെ പ്രകടനപത്രിയിലെ വാഗ്ദാനം നിറവേറ്റണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആശാവര്‍ക്കര്‍മാരെ അപമാനിക്കുകയാണ് സര്‍ക്കാരും മന്ത്രിയും.

 ഒരു ദിവസം ജീവിക്കാന്‍ 232 രൂപ മതിയെന്ന മന്ത്രിയുടെ പ്രസ്ഥാവന ധാര്‍ഷ്ട്യമാണ്. മന്ത്രിക്ക് ആ തുക പാട്ട പിരിച്ച് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. മറ്റ് സര്‍ക്കാര്‍ ആനകൂല്യങ്ങള്‍ ഒന്നുമില്ലാതെ ആ തുകക്ക് ജീവിച്ചു കാണിക്കാന്‍ മന്ത്രി തയ്യാറാവണം.

സിക്കിമില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് 6000 രൂപ മാത്രമേ വേതനമുള്ളൂ എന്ന രീതിയില്‍ മന്ത്രിക്ക് കിട്ടിയ കണക്ക് വീണ ജോര്‍ജ് പുറത്തുവിടണം. സിക്കിമില്‍ അടിസ്ഥാന ശമ്പളം 10,000 രൂപയാണെന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതിന് തെളിവുണ്ട്. സിക്കിമിനെ കുറിച്ച് മാത്രം സംസാരിക്കുന്ന മന്ത്രി എന്തുകൊണ്ട് ആന്ധ്രയെക്കുറിച്ച് സംസാരിക്കുന്നില്ല. അവിടെ 10000 രൂപ ആണല്ലോയെന്നും എം.എല്‍.എ ചോദിച്ചു. സിക്കിമില്‍ 6000 രൂപയാണ് ഓണറേറിയം എന്ന് ആരാണ് മന്ത്രിക്ക് പറഞ്ഞ് കൊടുത്തത്. സിക്കിം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് എന്നാണ് മന്ത്രി പറയുന്നത്. പാര്‍ലമെന്റിലും 10,000 രൂപയാക്കിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. 

എന്നാല്‍ കേന്ദ്രം ആരോഗ്യ മന്ത്രിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറയേണ്ടിവരും. ആന്ധ്രയിലും ഓണറേറിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ബംഗാളില്‍ പിരിഞ്ഞുപോകുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് നല്‍കുന്നതെന്നും രാഹുല്‍ പറഞ്ഞു.കോണ്‍ഗ്രസിനെ സി.പി.എം നടത്തുന്നത് പോലെ സംസ്ഥാന സമ്മേളനം നടത്താന്‍ കഴിയില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെയും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്തു.

 കോണ്‍ഗ്രസ് സമ്മേളനം നടത്തിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാവുമെന്ന് പറയുന്ന മന്ത്രി ആഭ്യന്തരമന്ത്രിക്ക് ക്രമസമാധാനം നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് തുറന്നു പറയുകയാണ്. സി.പി.എമ്മില്‍ വനിതാ പ്രാതിനിധ്യം ഇല്ലാത്തതിനെയും ഒരു ദളിതനെ പാര്‍ട്ടിയുടെ ഉയര്‍ന്ന പദവിയില്‍ എത്തിക്കാത്തതിനെയും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. ആര്‍.എസ്.എസും സി.പി.എമ്മുമാണ് വനിതാ പ്രാതിനിധ്യം ഇല്ലാത്തയിടങ്ങളെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Tags