തിരുവല്ലയിൽ 750 തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി ; ലക്ഷ്യം 1000 നായ്ക്കൾ
തിരുവല്ല : നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തെരുവുനായ്ക്കളുടെ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി പുരോഗമിക്കുന്നു. 2026-27 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിൽ ഇതുവരെ 750 ഓളം തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി. ആയിരം തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകുകയാണ് ലക്ഷ്യം.
ഒക്ടോബർ 14ന് ആരംഭിച്ച പദ്ധതി അവധി ദിവസങ്ങളൊഴികെ എല്ലാ ദിവസവും തുടരുകയാണ്. തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷൻ നൽകുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച സർക്കാർ അംഗീകൃത ഡോഗ് ക്യാച്ചർമാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ശേഷിക്കുന്ന നായ്ക്കൾക്കും കുത്തിവയ്പ്പ് നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. രതീഷ് ബാബു പറഞ്ഞു.
എല്ലാ വർഷവും പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി നടപ്പാക്കുന്നതിലൂടെ പേവിഷബാധാ ഭീഷണി കുറച്ച് പേവിഷമുക്ത തിരുവല്ല എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് നഗരസഭയുടെ ഉദ്ദേശ്യം. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എ.ബി.സി. (ആനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രവും മറ്റ് അനുബന്ധ പദ്ധതികളും നടപ്പാക്കിവരുന്നുണ്ട്. ഇവ കൂടി പ്രാവർത്തികമാകുന്നതോടെ തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.തിരുവല്ല മുനിസിപ്പാലിറ്റി വെറ്ററിനറി പോളിക്ലിനിക്കിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
.jpg)

