സംസ്ഥാനത്ത് എലിപ്പനി ഡെങ്കിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നു :നാലുവര്‍ഷത്തിനിടയില്‍ നഷ്ടമായത് 1411 ജീവനുകള്‍

dengue
dengue


കണ്ണൂര്‍: ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുമ്പോഴുംസംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ മൂലം മരണപ്പെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ്, എലിപ്പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മരണപ്പെട്ടത് 1411 പേരാണ്. 2021 ജനുവരി മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കണക്കാണിത്.  മഞ്ഞപ്പിത്തം(ഹെപ്പറ്റെറ്റിസ് എ), ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഓരോ വര്‍ഷവുമുണ്ടാകുന്നത്.

tRootC1469263">

പകര്‍ച്ച വ്യാധികള്‍ ബാധിച്ച് ഏറ്റവും കൂടുതല്‍പേര്‍ മരണപ്പെട്ടത് മലപ്പുറം(178 ) ജില്ലയിലാണ്. രണ്ടാമത് തൃശൂരും(173), മൂന്നാമത് തിരുവനന്തപുരത്തുമാണ്(164) കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. 2021ല്‍ മലപ്പുറം ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ ബാധിച്ച് വെറും 11 പേരാണ് മരണപ്പെട്ടതെങ്കില്‍ 2024ല്‍ മരണനിരക്ക് 82 ആയി വര്‍ധിച്ചു. തൃശൂരില്‍ 2021ല്‍ ഒമ്പത് പേരാണ് മരണപ്പെട്ടതെങ്കില്‍ 2024 ആയപ്പോഴേക്ക് അത് 77 ആയി വര്‍ധിച്ചു. ഈവര്‍ഷം മൂന്നുമാസം പിന്നിട്ടപ്പോള്‍ മാത്രം ഒമ്പത് മരണങ്ങളുമുണ്ടായി. തിരുവനന്തപുരത്ത് 2021ല്‍ 14 പേരാണ് മരണപ്പെട്ടതെങ്കില്‍ 2024 ആയപ്പോഴേക്കും അത് 70 ആയി ഉയര്‍ന്നു. എല്ലാ ജില്ലകളിലും പകര്‍ച്ചവ്യാധി മരണങ്ങള്‍ വര്‍ധിക്കുകയാണ്. കാസര്‍കോടും പത്തനംതിട്ടയും കോട്ടയത്തും മാത്രമാണ് നേരിയ ആശ്വാസമുള്ളത്. നാലുവര്‍ഷത്തിനിടയില്‍ കാസര്‍കോട് 15 മരണങ്ങള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണവും വലിയ രീതിയില്‍ വര്‍ധിക്കുന്നില്ലെന്നത് ആശ്വാസകരമാണ്. പത്തനംതിട്ടയില്‍ 37ഉം കോട്ടയത്ത് 47ഉം പകര്‍ച്ചവ്യാധി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 

ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 37,138 പേരാണ് ഡെങ്കിപനി ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി ബാധിച്ച് 10,521 പേരും, വയറിളക്കരോഗങ്ങള്‍ ബാധിച്ച് 17, 62,594 പേരും, മഞ്ഞപ്പിത്തം(ഹെപ്പറ്റെറ്റിസ് എ) ബാധിച്ച് 11,297 പേരും മലേറിയ ബാധിച്ച് 2341 പേരും, ചിക്കന്‍പോക്‌സ് ബാധിച്ച് 72,303 പേരും വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. വയറിളക്ക രോഗങ്ങള്‍ വലിയ വില്ലനായി മാറിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തിരുവനന്തപുരം(6601), കൊല്ലം(5955), തൃശൂര്‍(4819) ജില്ലകളിലാണ് ഡെങ്കിപനി വ്യാപകമാകുന്നത്. മലപ്പുറം (4203), കോഴിക്കോട്(2824) എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ 20 പേര്‍ക്ക് അമീബിക് എന്‍ സഫലൈറ്റിസും ബാധിച്ചിട്ടുണ്ട്. 

അതേസമയം കുട്ടികള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്ന മുണ്ടീനീര് വലിയ വില്ലനായി മാറി. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ഈവര്‍ഷം ഫെബ്രുവരി വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ സംസ്ഥാനത്താകെ 15 വയസിന് താഴെയുള്ള 68,370 കുട്ടികളാണ് മുണ്ടിനീര് ബാധിച്ച് ചികിത്സ തേടിയത്. കോഴിക്കോട് ജില്ലയിലാണ്(13439) ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചത്. കണ്ണൂര്‍ 16176 കുട്ടികള്‍ക്കും പാലക്കാട് 11031 കുട്ടികള്‍ക്കും, മലപ്പുറം 11324 കുട്ടികള്‍ക്കും രോഗം പിടിപെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഓരോ വര്‍ഷവും മുണ്ടിനീര് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2020-1951, 2021-132, 2022-292 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരെങ്കില്‍ 2023 ആയപ്പോഴേക്കും അത് 2386 ആയും 2024 ആയപ്പോള്‍ 74907 ആയി ഉയരുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വലിയ വര്‍ധനയാണുണ്ടായത്. വാക്‌സിനേഷന്‍ ക്യത്യമായി ലഭിക്കാത്തതാണ് രോഗം വര്‍ധിക്കാന്‍ കാരണമായി ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം കാലവർഷം ന്യൂനമർദ്ദത്തിൻ്റെ രൂപത്തിൽ നേരത്തെ എത്തിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. പല ഗ്രാമ പഞ്ചായത്തുകളിലും ഇത്തരം പ്രവർത്തനങ്ങൾ തീരെ നടന്നിട്ടില്ലെന്ന ആരോപണവുമുണ്ട്.

Tags