വി കെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ; വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് എംഎല്‍എ
എംഎല്‍എ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നാണ് ശ്രീലേഖയുടെ വാദം.
വട്ടിയൂര്‍കാവ് എംഎല്‍എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നാണ് ബിജെപി കൗണ്‍സിലറായ ശ്രീലേഖയുടെ ആവശ്യം. ഫോണിലൂടെയാണ് ശ്രീലേഖ ഈ ആവശ്യം ഉന്നയിച്ചത്. എംഎല്‍എ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നാണ് ശ്രീലേഖയുടെ വാദം.
എന്നാല്‍ വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് അറിയിച്ചു. തന്റെ കാലാവധി മൂന്ന് വര്‍ഷം കൂടി ബാക്കിയുണ്ടെന്ന് എംഎല്‍എ മറുപടിയും നല്‍കി. ഇതിന് വീണ്ടും എംഎല്‍എ ആയാല്‍ എന്ത് ചെയ്യും എന്നായിരുന്നു ശ്രീലേഖയുടെ മറുചോദ്യം. ബിജെപി സംസ്ഥാന ഉപാധ്യക്ഷയായ ശ്രീലേഖ, ശാസ്തമംഗലം വാര്‍ഡില്‍നിന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ജയിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയാണ്.
അതേസമയം ബിജെപി ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും. കൗണ്‍സിലര്‍ക്ക് കെട്ടിടം ആവശ്യമെങ്കില്‍ മേയര്‍ വഴി സെക്രട്ടറിക്ക് കത്ത് നല്‍കണം. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോര്‍പറേഷന്റെ കെട്ടിടം വാര്‍ഡില്‍ ലഭ്യമല്ലെങ്കില്‍ മറ്റു കെട്ടിടങ്ങള്‍ വാടകക്ക് എടുക്കാം.
കോര്‍പറേഷന്‍ നിശ്ചിത തുക (മാസം പരമാവധി 8000രൂപ) വാടക നല്‍കും.
.jpg)


