ആർ.ശങ്കർ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നേതാവ് : കെസി വേണുഗോപാൽ
കണ്ണൂർ: കേരളത്തെ മാറ്റിമറിച്ച ഒരുപാട് വികസന സംരംഭങ്ങൾക്ക് തുടക്കമിട്ട മുഖ്യമന്ത്രിയായിരുന്നു ആർ.ശങ്കറെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി പറഞ്ഞു. കേരളത്തിൽ പാവപ്പെട്ടവർക്കായി വിദ്യാഭ്യാസരംഗത്തു വിപ്ലവം സൃഷ്ടിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. കണ്ണൂരിലും കൊല്ലത്തും അദ്ദേഹം തുടക്കമിട്ട കോളജുകൾ പിന്നോക്കക്കാരേയും പാവപ്പെട്ടവരെയും ലക്ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നുവെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
സംസ്‌കാര സാഹിതി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ 117-ാം ജന്മ വാർഷികദിനാഘോഷവും അനുസ്മരണ പ്രഭാഷണവും കണ്ണൂർ പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ക്ഷേമപെൻഷനുകൾക്ക് തുടക്കമിട്ട ദീർഘദർശിയായ മുഖ്യമന്ത്രിയായിരുന്നു ശങ്കർ. വിധവാ പെൻഷനും വാർദ്ധക്യ പെൻഷനും അംഗപരിമിത പെൻഷനും അദ്ദേഹം തുടക്കമിട്ടു. ശ്രീനാരായണഗുരുവിന്റെ ആദർശങ്ങൾ നടപ്പാക്കിയ നേതാവായിരുന്നു ശങ്കർ. തൊഴിലും വിദ്യാഭ്യാസവും വ്യക്തിയുടെ വളർച്ചക്ക് അനിവാര്യമാണെന്ന ഗുരു സന്ദേശം അദ്ദേഹം പ്രാവർത്തികമാക്കി.
വലിയ സർക്കാർ ജോലികൾ വേണ്ടെന്ന് വെച്ച് കാൽ നടയായി നടന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു ശങ്കറെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ. മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.സുധാകരൻ എം.പി മുഖ്യാതിഥി ആയി .സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രമോദ് സ്വാഗതം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ട്രഷറർ വി.എ. നാരായണൻ, മേയർ അഡ്വ: പി. ഇന്ദിര, സംസ്‌കാര സാഹിതി വൈസ് ചെയർമാൻ എം. പ്രദീപ് കുമാർ, കെപിസിസി മെമ്പർ രാജീവൻ എളയാവൂർ, ഡിസിസി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ, ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂക്കിരി രാജേഷ്, അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ: ബിജു ഉമ്മർ, സുരേഷ് കൂത്തുപറമ്പ് എന്നിവർ പ്രസംഗിച്ചു.
.jpg)

