നിശ്ശബ്ദത മൂലമാണ് പല അതിക്രമങ്ങളും ഉണ്ടായിട്ടുള്ളത് ; ആർ രാജശ്രീ
തിരുവനന്തപുരം : നിശ്ശബ്ദത മൂലമാണ് പല അതിക്രമങ്ങളും ഉണ്ടായിട്ടുള്ളതെന്ന് എഴുത്തുകാരി ആർ രാജശ്രീ. "ഓരോ നോവൽ എഴുതിയപ്പോഴും ഒരുപാട് അപമാനങ്ങൾ നേരിടേണ്ടി വന്നു. ഒരു അധ്യാപിക ആയിട്ടും കുടുംബങ്ങൾക്ക് എതിരെ സംസാരിക്കുന്നു എന്ന് തുടങ്ങി പലതരം വിമർശനങ്ങൾ കേട്ടു. മിണ്ടാതെയിരിക്കുന്ന സ്ത്രീയാണ് യോഗ്യ എന്നുള്ള സങ്കല്പം സമൂഹത്തിലുണ്ട്. ചില സമയത്ത് ഈ നിശ്ശബ്ദത വലിയൊരു കുറ്റകൃത്യമാണ്. ഇങ്ങനെയുള്ള നിശ്ശബ്ദതയിലൂടെയാണ് പല അതിക്രങ്ങളും ഉണ്ടായിട്ടുള്ളത്. ചരിത്രം അതിന് സാക്ഷിയാണ്," എഴുത്തുകാരി ആർ രാജശ്രീ പറഞ്ഞു.നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന മീറ്റ് ദി ഓഥർ സെഷനിൽ 'ദേശം,അനുഭവം, നോവൽ' എന്ന വിഷയത്തിൽ ഡോ. എൻ നൗഫലുമായി സംസാരിക്കുകയായിരുന്നു അവർ.
tRootC1469263">
സാഹിത്യകാരരായി ജീവിക്കാൻ നിയോഗിക്കപ്പെട്ട ഒരു വർഗ്ഗവും എവിടെയും ജനിച്ചിട്ടില്ലെന്ന് അവർ അഭിപ്രായപ്പെട്ടു. അടിസ്ഥാനമായി എഴുത്തിലെ ജനാധിപധ്യവത്കരണം എന്നാൽ ആർക്കും എന്തും എഴുതാം എന്നുള്ളതാണ്. അത് വായിക്കാനോ വായിക്കാതെയിരിക്കാനോ ഉള്ള സ്വാതന്ത്ര്യം വായനക്കാരനുണ്ട്.
നിയതമായ ചട്ടക്കൂടുകളിൽ നിന്ന് കൊണ്ട് ഒരു കൃതിയെ ഇകഴ്ത്തുന്ന സ്വഭാവം എല്ലാക്കാലത്തും മലയാള സാഹിത്യ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ വളരെ നൈസർഗികമായി വായിക്കുന്ന ഒരുപാട് മനുഷ്യർ ഉണ്ട്. അങ്ങനെയുള്ള മനുഷ്യരെ കൂടെ കണക്കിലെടുക്കുക എന്നുള്ളതും എഴുത്തിന്റെയും വായനയുടെയും ജനാധിപധ്യവത്കരണത്തിന്റെ ഭാഗമാണ്.
"മാനകഭാഷയുടെ സാങ്കേതികതകളിൽ നിന്ന് കൊണ്ട് എല്ലാ കാര്യങ്ങൾ പറയാൻ പ്രയാസമായിരിക്കും.
'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എഴുതുമ്പോൾ മനസിൽ ഉണ്ടായിരുന്ന തോന്നലും ഇതായിരുന്നു. ഭാഷാപരമായിട്ടുള്ള ഒരു പരീക്ഷണമായിട്ടാണ് ഈ നോവലിനെ കാണാൻ സാധിക്കുക", രാജശ്രീ കൂട്ടിച്ചേർത്തു.
'ആത്രേയക'ത്തിലെ നിരമിത്രൻ സ്വന്തം ലിംഗ സ്വത്വത്തിന്റെ പേരിൽ അനിശ്ചിതത്വം അനുഭവിക്കുന്ന ഒരളാണ്. അതുകൊണ്ട് തന്നെ അവൻ ഉപയോഗിക്കുന്ന ഭാഷയിലും ആ അനിശ്ചിതത്വം ഉണ്ടാവും. ഏത് വാക്ക് കൊണ്ടും മുറിവേൽക്കുന്ന ഒരു കഥാപാത്രമാണ് നിരമിത്രൻ. എല്ലാം നഷ്ടപ്പെട്ട് തകർന്നു നിൽക്കുന്ന നിരമിത്രനെ എങ്ങനെ സമീപിച്ചാലും അയാൾ പൊടിഞ്ഞു വീഴും. അങ്ങനെയുള്ള കഥാപാത്രം ഉപയോഗിക്കുന്ന ഭാഷ നോവലിൽ അവതരിപ്പിക്കുമ്പോൾ ആ ഭാഷയും മാറിക്കൊണ്ടിരിക്കും, രാജശ്രീ അഭിപ്രായപ്പെട്ടു.
"ഇന്ന് നമുക്ക് ചുറ്റും ഒട്ടനവധി നിഷ്കളങ്കരുടെ ചോര അകാരണമായി വീഴുന്നുണ്ട്. എവിടെ നോക്കിയാലും ജീവൻ രക്ഷിക്കാനായി പലായനം ചെയുന്ന മനുഷ്യരെ കാണാം. ഇങ്ങനെയുള്ള സമൂഹത്തിൽ നിന്ന് എഴുതുന്നത് കൊണ്ട് തന്നെ എഴുതുന്ന ഓരോ വാക്കും ഏത് കലാപത്തിനും എതിരെയുള്ളത് ആയി മാറും" കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലിലെ സന്ദർഭം ഓർത്ത് രാജശ്രീ പങ്ക് വെച്ചു. സാഹിത്യം എന്ന പറയുന്നത് സഹൃദയർക്ക് ഉള്ളതാണെന്നും അതിൽ ഒരു തരത്തിലുള്ള വേർതിരിവും ഇല്ലെന്നും അവർ വ്യക്തമാക്കി.
.jpg)


