ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം ; എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി
സംശയങ്ങളാണ് വാര്‍ത്തകളായി വരുന്നതെന്നും എംഎസ് സൊല്യൂഷന്‍സിന്റെ എംഎസ് സുഹൈബ് പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ ആരോപണമുയര്‍ന്ന എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. നിയമ നടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷന്‍സ് വിശദീകരിച്ചു. യൂട്യൂബ് ചാനലിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
സംശയങ്ങളാണ് വാര്‍ത്തകളായി വരുന്നതെന്നും എംഎസ് സൊല്യൂഷന്‍സിന്റെ എംഎസ് സുഹൈബ് പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ആവശ്യപ്പെട്ട് കെഎസ്യു പോലീസില്‍ പരാതി നല്‍കിയിരുന്നു. നടപടി വൈകിയാല്‍ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കിയിരുന്നു. എംഎസ് സൊല്യൂഷന്‍സിനെതിരെ 2021ല്‍ കോഴിക്കോട് ഡിഡിഇ നല്‍കിയ പരാതിയും പുറത്തുവന്നതിന് പിന്നാലെയാണ് യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
സംസ്ഥാന ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥിരീകരിച്ചിരുന്നു. പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പ്രതികരിച്ചു.