ഖത്തര്‍ ഗ്യാസ് പ്ലാന്റിലെ അപകടം: മരിച്ചവരില്‍ കോഴിക്കോട് സ്വദേശിയും

D

അപകടത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 12 പേര്‍ ഇന്ത്യക്കാരാണെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.

 

കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ് സൂപ്പര്‍ വൈസര്‍ തൂണേരി വെള്ളൂര്‍ സ്വദേശി അര്‍ജുന്‍(29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായ കേന്ദ്രത്തിലെ പ്ലാന്റില്‍ സ്‌ഫോടനമുണ്ടായത്.

അറ്റകുറ്റ പ്രവൃത്തികള്‍ക്കിടെയായിരുന്നു പൊട്ടിത്തെറി. സ്‌ഫോടനത്തില്‍ ആകെ കൊല്ലപ്പെട്ട 13 പേരില്‍ 12 പേരും ഇന്ത്യക്കാരാണ്. പാകിസ്താന്‍കാരനാണ് മറ്റൊരാള്‍. ഖത്തര്‍ ആഭ്യന്തരമന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.

ഞായറാഴ്ച റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലെ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. വന്‍ സ്ഫോടനത്തില്‍ 66 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പ്ലാന്റ് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാനുളള തയ്യാറെടുപ്പിനിടെയാണ് സ്ഫോടനം നടന്നത്.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ടാന്‍സാനിയ, കെനിയ, നൈജീരിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 66 പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ഖത്തര്‍ എനര്‍ജി വ്യക്തമാക്കിയത്.

Tags