‘ഞാൻ പരാജയപ്പെട്ടെങ്കിലും ‘പിണറായിസം’ ഉയർത്തുന്ന രാഷ്ട്രീയത്തെ ജനമധ്യത്തിൽ തുറന്നുകാട്ടാൻ കഴിഞ്ഞതിൽ പൂർണ്ണ സംതൃപ്തനാണ്’; പി.വി. അൻവർ
മലപ്പുറം : ബേപ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ ആരോപണങ്ങളുമായി പി.വി. അൻവർ രംഗത്ത്. താൻ പരാജയപ്പെട്ടെങ്കിലും ‘പിണറായിസം’ ഉയർത്തുന്ന രാഷ്ട്രീയത്തെ ജനമധ്യത്തിൽ തുറന്നുകാട്ടാൻ കഴിഞ്ഞതിൽ പൂർണ്ണ സംതൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതയെ താലോലിച്ചവർക്കുള്ള തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിചേർത്തു. യുഡിഎഫ് തനിക്ക് സുരക്ഷിതമായ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, റിയാസിനെ ബേപ്പൂരിൽ തളച്ചിടുക എന്ന ലക്ഷ്യത്തോടെയാണ് അവിടെ മത്സരിച്ചത്. സാങ്കേതികമായി മാത്രമാണ് റിയാസ് വിജയിച്ചതെന്നും, ശരിക്കുള്ള വിജയം തന്റെ രാഷ്ട്രീയ നിലപാടുകൾക്കാണെന്നും അൻവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
ബേപ്പൂരിൽ ബിജെപിയും സിപിഎമ്മും തമ്മിൽ കൃത്യമായ അഡ്ജസ്റ്റ്‌മെന്റ് നടന്നുവെന്നാണ് അൻവർ പ്രധാനമായും ആരോപിക്കുന്നത്. അമിത് ഷാ അടക്കമുള്ള പ്രമുഖർ വന്നിട്ടും ബിജെപിയുടെ വോട്ടുകളിൽ വർദ്ധനവുണ്ടാകാത്തത് ഇതിന്റെ തെളിവാണ്. പിണറായി വിജയന്റെ മരുമകനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാൻ അപരന്മാരെ നിർത്തിയും പണമൊഴുക്കിയും ശ്രമങ്ങൾ നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും നിലപാടുകൾ വോട്ടർമാർക്ക് വലിയ ഊർജ്ജം നൽകിയെന്നും, തന്നെ നെഞ്ചിലേറ്റിയ പ്രവർത്തകരോട് കടപ്പാടുണ്ടെന്നും അൻവർ പ്രതികരിച്ചു.
.jpg)

