കേരള നിയമസഭയുടേത് സംശുദ്ധ രാഷ്ട്രീയ പാരമ്പര്യം : ചിറ്റയം ഗോപകുമാർ

google news
Chittayam Gopakumar

സംശുദ്ധമായ സാംസ്‌കാരിക രാഷ്ട്രീയ പാരമ്പര്യമാണ് കേരള നിയമസഭയുടേതെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നടന്ന മുൻ നിയമസഭാ സമാജികരുടെ കോൺക്ലേവ് ആർ ശങ്കരനാരായണൻതമ്പി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന മൂല്യങ്ങളുടെ തുടർച്ചയായി നിയമ നിർമാണങ്ങൾ നടത്താൻ നിയമസഭക്കായി. ഭൂപരിഷ്‌ക്കരണം, വിദ്യാഭ്യാസ പരിഷ്‌ക്കരണം, അധികാര വികേന്ദ്രീകരണം, സ്ത്രീ ശാക്തീകരണം എന്നിവ നടപ്പിലാക്കിയതിലൂടെയാണ് നവോത്ഥാന കേരളം സാധ്യമായത്. ജനാധിപത്യത്തിൽ മുഴുവൻ ജനങ്ങളുടെയും ഇച്ഛക്കനുസൃതമായ ഭരണനിർവഹണമാണ് സർക്കാർ നടത്തേണ്ടത്.

ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വൈവിധ്യമാർന്ന ആശയങ്ങളെ ഉൾക്കൊള്ളാൻ ജനാധിപത്യ ലോകത്ത് സാധിക്കണം. സഹവർത്തിത്വവും സൗഹൃദവും നിലനിർത്തുന്ന രാജ്യത്തെ മികച്ച നിയമ നിർമാണ സഭയെന്ന നിലയിൽ കേരള നിയമസഭയുടെ ചരിത്രം പുതുതലമുറയിലേക്കെത്തിക്കാൻ കഴിയണമെന്നും ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാർക്ക് ആദരമർപ്പിച്ച ചടങ്ങിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വേണ്ടി മകൻ അരുൺ കുമാർ ആദരമേറ്റു വാങ്ങി. മുൻ സ്പീക്കർ വി എം സുധീരനെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ  പൊന്നാടയണിയിച്ച് ആദരിച്ചു. മാസ്റ്റേഴ്‌സ് വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ  വിജയി മുൻ എം.എൽ.എ എം ജെ  ജേക്കബ്ബിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. മാത്യു ടി തോമസ് എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമസഭ സെക്രട്ടറി എ എം ബഷീർ  സ്വാഗതമാശംസിച്ചു. നിയമസഭ സ്‌പെഷ്യൽ സെക്രട്ടറി കവിത ഉണ്ണിത്താൻ സംബന്ധിച്ചു.

Tags