സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 100 ശതമാനം വിജയം; ആദ്യ മൂന്ന് ദിനം കൊണ്ട് തന്നെ ലക്ഷ്യം കൈവരിച്ച് ചരിത്രനേട്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിൽ നവംബർ 22 മുതൽ 24 വരെ നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി 100 ശതമാനം വിജയമായതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ലക്ഷ്യമിട്ട 12.93 ലക്ഷം കുട്ടികൾക്കും തുള്ളിമരുന്ന് നൽകാൻ സാധിച്ചു. ആദ്യ മൂന്ന് ദിനം കൊണ്ടുതന്നെ 100 ശതമാനം നേട്ടം കൈവരിക്കുന്നത് പൾസ് പോളിയോ പരിപാടിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ്.
ആദ്യ ദിനത്തിൽ 11.99 ലക്ഷം കുട്ടികൾക്ക് ബൂത്തുകൾ വഴിയും, രണ്ടാം ദിനം 59,707 കുട്ടികൾക്കും മൂന്നാം ദിനം 33,925 കുട്ടികൾക്കും സന്നദ്ധപ്രവർത്തകർ വീടുകളിലെത്തിയും വാക്സിൻ നൽകിയാണ് പരിപാടി പൂർത്തിയാക്കിയത്. ജില്ലാതല കണക്കുകളിൽ 103 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകിയ എറണാകുളമാണ് ഒന്നാമത്. 102 ശതമാനം നേട്ടവുമായി പത്തനംതിട്ട രണ്ടാം സ്ഥാനത്തും 101 ശതമാനം വീതം നേടിയ തിരുവനന്തപുരം, പാലക്കാട് ജില്ലകൾ മൂന്നാം സ്ഥാനത്തുമാണ്. കൊല്ലം, ആലപ്പുഴ ജില്ലകളും 100 ശതമാനം ലക്ഷ്യം കൈവരിച്ചു.
26,000-ത്തിലധികം സന്നദ്ധപ്രവർത്തകരും ആരോഗ്യ പ്രവർത്തകരുമാണ് അവധി ദിനത്തിലുൾപ്പെടെ ഈ ദൗത്യത്തിന്റെ ഭാഗമായത്. ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, വിദ്യാലയങ്ങൾ എന്നിവയ്ക്ക് പുറമെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ടുജെട്ടികൾ, ഉത്സവ-മേളകൾ നടക്കുന്ന ഇടങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും ബൂത്തുകളും മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചാണ് സമ്പൂർണ്ണ നേട്ടം കൈവരിച്ചത്.പൾസ് പോളിയോ യജ്ഞം മികച്ച വിജയത്തിലെത്തിക്കാൻ സഹകരിച്ച രക്ഷാകർത്താക്കളെയും, പരിപാടിക്ക് നേതൃത്വം നൽകിയ ആരോഗ്യവകുപ്പ് ജീവനക്കാരെയും, സന്നദ്ധപ്രവർത്തകരെയും, ഇതര വകുപ്പുകളെയും മന്ത്രി അഭിനന്ദിച്ചു.
.jpg)

