ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ ഉണര്‍വു നല്‍കും: മുഖ്യമന്ത്രി

പത്തനംതിട്ട : ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ ഉണര്‍വു നല്‍കുന്ന ഒന്നായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ഐരവണ്‍ ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി മാറുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യമേഖലയെ ബലപ്പെടുത്തുന്നതിനുള്ള വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അതില്‍ യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. ആരോഗ്യ കേന്ദ്രങ്ങള്‍ ജനകീയാരോഗ്യ കേന്ദ്രമാകുമ്പോള്‍ അവയ്ക്കായി മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് ഒരുക്കുന്നത്. ഓഫീസ് സ്മാര്‍ട്ടാക്കും. ടെലിമെഡിസിന്‍ സംവിധാനവും ഉടന്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അതിന്റെ ഭാഗമായാണ് ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രമാക്കി മാറ്റുന്നത്.നിലവില്‍ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സും മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ എംഎല്‍എസ്പി സ്റ്റാഫ് നഴ്‌സിനെ ആരോഗ്യ കേരളം മുഖേന നിയമിച്ചിട്ടുണ്ട്.
ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും 36 ഇനം മരുന്നുകള്‍ വിതരണം ചെയ്യുന്നതിനും വിവിധതരത്തിലുള്ള 9 ടെസ്റ്റുകള്‍ നടത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.നിലവില്‍ ഉച്ച വരെ പ്രവര്‍ത്തിച്ചു വന്നിരുന്ന സെന്ററുകളില്‍ ആഴ്ചയില്‍ ആറ് ദിവസം ഒന്‍പത് മണി മുതല്‍ നാല് മണി വരെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു കോന്നിയില്‍ 100 ദിവസം കൊണ്ട് 100 പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തി പൂര്‍ത്തികരിച്ചത്. ജനകീയരോഗ്യ കേന്ദ്രത്തെ ശക്തിപെടുത്തുന്നതിനായി സബ് സെന്റര്‍ വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടന്നും എംഎല്‍എ പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് മണിയമ്മ രാമചന്ദ്രന്‍ നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.എന്‍. ബിന്ദു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ശ്രീകുമാര്‍, വാര്‍ഡ് അംഗങ്ങളായ ജി.ശ്രീകുമാര്‍, ഷീബ സുധീര്‍, വി.കെ. രഘു, ജോജു വര്‍ഗീസ്, ശ്രീലത, എന്‍.എച്ച്.എം ഡിപിഎം ഡോ. എസ്. ശ്രീകുമാര്‍, കൊക്കാത്തോട് പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ശ്രീജയന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.