ഇത് ജനസദസല്ല, അനുയോജ്യമായ പേരിടാന്‍ സാധിക്കുമെങ്കില്‍ ഗുണ്ടാ സദസ് എന്നു പേരിടണം ; കെ സുധാകരന്‍

google news
K Sudhakaran

തിരുവനന്തപുരം : നവകേരള സദസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇത് ജനസദസല്ലെന്നും അനുയോജ്യമായ പേരിടാന്‍ സാധിക്കുമെങ്കില്‍ ഗുണ്ടാ സദസ് എന്നു പേരിടണമെന്നും സുധാകരന്‍ പറഞ്ഞു. ഇതിന്റെ തെളിവാണ് പഴയങ്ങാടിയിലെ അക്രമമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസര്‍മാര്‍ മര്‍ദ്ദിച്ചു. സുരക്ഷ ഉദ്യോഗസ്ഥര്‍ വയര്‍ലെസ് സെറ്റ് കൊണ്ട് മര്‍ദ്ദിച്ചു. സംരക്ഷണം കൊടുക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ രീതിയിലുള്ള സംരക്ഷണം കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമില്ല. രാവിലെ മുതല്‍ ഗുണ്ടകള്‍ വണ്ടിയില്‍ വന്നിറങ്ങുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഈ സുരക്ഷാസേന എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും ഇവര്‍ ആരാണെന്ന് മുഖ്യമന്ത്രി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ഓഫീസര്‍മാര്‍ തറ ഗുണ്ടകളെപോലെ പെരുമാറുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഗുണ്ടകളെ കൊണ്ടുള്ള യാത്ര നാടിനും ജനാധിപത്യത്തിനും അപമാനമാണെന്നും ഒന്നുകില്‍ മുഖ്യമന്ത്രി യാത്ര നിര്‍ത്തണം അല്ലെങ്കില്‍ പേര് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഈ യാത്ര തിരുവനന്തപുരത്ത് എത്തില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. എല്ലാ വഴികളും അടച്ചു കെട്ടി സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും എല്ലാം ജനങ്ങള്‍ വകവെച്ചു കൊടുക്കില്ലെന്നും ജനങ്ങള്‍ പ്രതികരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

നവ കേരള സദസ്സില്‍ മന്ത്രിമാരുടെ പണി എന്താണെന്നും ഏതെങ്കിലും പരാതിക്കാരെ കാണുന്നുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ കൂടെ ഇങ്ങനെ നടക്കാന്‍ മന്ത്രിമാര്‍ക്ക് ലജ്ജയില്ലെ. മന്ത്രിമാര്‍ സ്വന്തം വ്യക്തിത്വം കളയുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

പരിപാടിയിലേക്ക് ആളുകളെ വാഹനത്തില്‍ കൊണ്ടിറക്കുന്നവെന്ന് സുധാകരന്‍ ആരോപിച്ചു. ഒരു സ്ഥലത്തെ പരിപാടിയില്‍ പങ്കെടുത്തവര്‍ അടുത്ത സ്ഥലത്തും പങ്കെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസില്‍ ലീഗ് നേതാവ് എന്‍ എ അബൂബക്കര്‍ പങ്കെടുത്തത് രാഷ്ട്രീയ ബോധമില്ലാത്തതിനാലാണെന്നും മറ്റൊന്നും പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ആടിന്റെ പിന്നാലെ പട്ടി നടക്കുന്നതുപോലെയാണ് ലീഗിന്റെ പിന്നാലെ സിപിഐഎം നടക്കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

Tags