പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ സംസ്‌കാരം ഇന്ന്; ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതിയോടെ നടത്തും
പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാത്രി പാലാക്കാടുള്ള വീട്ടില്‍ എത്തിച്ചു.
പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ സംസ്‌കാരം ഇന്ന് നടക്കും. മീനച്ചില്‍ പാലാക്കാട് ചെറുപുഷ്പം പള്ളിയില്‍ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാത്രി പാലാക്കാടുള്ള വീട്ടില്‍ എത്തിച്ചു. നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും നാട്ടുകാരും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിജോ കാപ്പന്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. പൊതുപ്രവര്‍ത്തകനായ ഡിജോ കാപ്പന്റെ സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതിയോടെ നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടര്‍, കോട്ടയം ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ലഭ്യമായി. സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടര്‍ ഭൗതിക ശരീരത്തില്‍ റീത്ത് സമര്‍പ്പിക്കും.
പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പന്‍.ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പന്‍ ശ്രദ്ധേയനായത്.കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റത്. മാധ്യമചര്‍ച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.
.jpg)

