സ്‌കൂൾ വിദ്യാർഥികൾ അധമ സംസ്‌കാരത്തിലേക്ക് വീഴാതിരിക്കാൻ പി.ടി.എകളുടെ നിരീക്ഷണമുണ്ടാവണം: മന്ത്രി വി എൻ വാസവൻ

google news
ddd

 
കോട്ടയം: സ്‌കൂൾ തുറക്കലിനു മുന്നോടിയായി ക്രമീകരണങ്ങൾ വിലയിരുത്താനും സ്‌കൂൾ പി.ടി.എകൾക്കു ബോധവൽക്കരണവും നിർദേശങ്ങളും നൽകാനും കോട്ടയം വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ പി.ടി.എ. ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചു ചേർത്തു. കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടന്ന യോഗം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

കുട്ടികൾ സാമൂഹികവിരുദ്ധരുടെ കൈകളിൽ അകപ്പെടാതിരിക്കാൻ  രക്ഷകർത്താക്കളുടെയും പി.ടി.എ. സമിതികളുടെയും കർശനമായ നിരീക്ഷണം വേണമെന്നു മന്ത്രി വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി.  കുട്ടികളെ അധമസംസ്‌കാരത്തിലേക്കു നയിക്കുന്ന ശക്തികൾക്കെതിരേ വലിയ രീതിയിലുള്ള പ്രതിരോധം പി.ടി.എ. സമിതികളിൽ നിന്നുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. അധമസംസ്‌കാരത്തിൽ വീഴുന്ന അധ്യാപകരെയും പി.ടി.എകൾ നിരീക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു.  

കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന നാലു വിദ്യാഭ്യാസ ഉപജില്ല ഓഫീസർമാർക്കു കീഴിൽ വരുന്ന 298 സ്‌കൂളുകളിലെ പി.ടി.എ. പ്രതിനിധികളുടെ യോഗമാണു വിളിച്ചു ചേർത്തത്. യോഗത്തിൽ ചങ്ങനാശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞുമോൾ സാബു അധ്യക്ഷയായിരുന്നു.  പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വൽസമ്മ മാണി, വിജയപുരം ഗ്രാമപഞ്ചായത്ത്  വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ  കുര്യൻ വർക്കി, കോട്ടയം നഗരസഭാംഗവും പി.ടി.എ. പ്രസിഡന്റുമായ എം.വി മോഹനൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതല വഹിക്കുന്ന എസ്. ശ്രീകുമാർ,  എസ്.എസ്.കെ. ജില്ലാ കോഡിനേറ്റർ കെ.ജെ. പ്രസാദ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരായ ആർ. അജിത, മോഹൻദാസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Tags