പി.ടി, ദേ… കാപ്പൻ ചേട്ടൻ വരുന്നു’ ; ഡിജോ കാപ്പനെ കുറിച്ച് ഉമ തോമസിന്റെ വൈകാരിക കുറിപ്പ്

PT, De… Kappan Chettan is coming’; Uma Thomas’ emotional note about Dijo Kappan

 കൊച്ചി: "കാപ്പൻ ചേട്ടൻ പോയി എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം..." അന്തരിച്ച പൗരാവകാശ പോരാളി ഡിജോ കാപ്പന്റെ വേർപാടിൽ വിങ്ങുന്ന ഓർമ്മകളുമായി ഉമ തോമസ് എംഎൽഎ. പി.ടി. തോമസിന്റെ ആത്മമിത്രമായിരുന്ന ഡിജോ കാപ്പനെക്കുറിച്ചുള്ള ഉമയുടെ ഫേസ്ബുക്ക് കുറിപ്പ് നോവായി മാറുകയാണ്.

ജീവിതത്തിലുടനീളം പി.ടിയുടെ കരുത്തായിരുന്ന സുഹൃത്താണ് വിടവാങ്ങിയതെന്ന് ഉമ തോമസ് കുറിച്ചു. "പി.ടി തന്റെ അവസാന അഭിലാഷങ്ങൾ പോലും എന്നോടല്ലല്ലോ പറഞ്ഞത്, ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ"– ഉമ തോമസ് ഓർക്കുന്നു.

ഏഴ് മാസം മുൻപുണ്ടായ ആ ദൗർഭാഗ്യകരമായ അപകടത്തെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്. വിദേശത്തുള്ള മകന്റെ ഭാര്യയെയും ഇതുവരെ കാണാത്ത പേരക്കുട്ടിയെയും കാണാൻ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു അദ്ദേഹം. ആ യാത്രയ്ക്കിടെ ചെരിപ്പ് ആക്സിലറേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം ഡിജോ കാപ്പന്റെ ജീവിതം തളർത്തിക്കളഞ്ഞു. മാസങ്ങളോളം നീണ്ട ചികിത്സയ്ക്കൊടുവിൽ ഡിജോ യാത്രയാകുമ്പോൾ പ്രിയ സുഹൃത്തായ പി.ടിയോട് ഉമ തോമസ് പറയുന്നു: "പി ടീ, ദേ... കാപ്പൻ ചേട്ടൻ വരുന്നു.. നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..".

ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം

കാപ്പൻ ചേട്ടൻ പോയി..

എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം.

വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ.

ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം.

ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ

തളർന്നു കിടന്നത്.

ജീവിതത്തിലുടനീളം

പി ടിയുടെ തുണയായിരുന്നയാൾ.

തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്.

ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ.

പി ടീ,

ദേ.... കാപ്പൻ ചേട്ടൻ വരുന്നു..

നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..

Tags