പി.എസ്.സി. ഒന്നാം റാങ്ക് നേടിയിട്ടും നിയമനം കിട്ടണമെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിടണം ; ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥ

psc


കോഴിക്കോട്: പി.എസ്.സി. റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടിയാലും നിയമനം കിട്ടണമെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിടണം. അതേ റാങ്ക് പട്ടികയിലെ ബാക്കിയുള്ളവർക്ക് , ട്രിബ്യൂണൽ ഉത്തരവിട്ടാലും നിയമനം നൽകുകയുമില്ല -ഏതാനും മാസങ്ങൾക്കകം കാലാവധി അവസാനിക്കുന്ന ഹയർസെക്കൻഡറി ഇംഗ്ലീഷ് (സീനിയർ) അധ്യാപക റാങ്ക് പട്ടികയിലുള്ളവർക്കാണ് ഈ ദുർഗതി. നിയമോപദേശം, റിവ്യൂ ഹർജി എന്നിങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോയി റാങ്ക് പട്ടികയുടെ കാലാവധി അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

2023 സെപ്റ്റംബറിൽ നിലവിൽവന്ന റാങ്ക് പട്ടികയിൽനിന്ന് ഒരു നിയമനംപോലും നടക്കാത്ത സാഹചര്യത്തിലാണ് ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. നിയമനം നൽകാനുള്ള ട്രിബ്യൂണലിന്റെ നിർദേശം സർക്കാർ അംഗീകരിച്ചു. എന്നാൽ, അതേപോലെ ട്രിബ്യൂണലിനെ സമീപിച്ച മറ്റ് ഉദ്യോഗാർഥികൾക്കും അനുകൂലവിധി ലഭിച്ചെങ്കിലും അവരെ നിയമിക്കാൻ സർക്കാർ തയ്യാറായില്ല.

മെയിൻ പട്ടികയിൽ ആകെ 11 പേരാണുണ്ടായിരുന്നത്. അതിൽ, ഒരാൾക്കുമാത്രം ട്രിബ്യൂണൽ ഉത്തരവനുസരിച്ച് നിയമനം നൽകുകയാണ് ചെയ്തത്. ബാക്കി 10 പേരും സപ്ലിമെന്ററി പട്ടികയിലെ ഏഴുപേരുമാണ് ട്രിബ്യൂണലിനെ സമീപിച്ച് വിധിനേടിയത്. 2023 ജൂണിനുമുൻപുള്ള 22 ഒഴിവുകളിൽ 17 എണ്ണം പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവർക്കായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് ട്രിബ്യൂണൽ നിർദേശിച്ചത്.

ഫെബ്രുവരിയിൽവന്ന വിധി നടപ്പാക്കാൻ നടപടിയൊന്നുമുണ്ടായില്ല. പകരം, അഡ്വക്കേറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടിക്കൊണ്ട് നിയമനനടപടികൾ നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ഉദ്യോഗാർഥികളുടെ ആക്ഷേപം. ഇക്കൊല്ലം സെപ്റ്റംബറിൽ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഒഴിവുകൾ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് നീക്കിവെച്ചവയാണെന്നും അത് നേരിട്ടുള്ള നിയമനത്തിന് പരിഗണിക്കാനാവില്ലെന്നുമാണ് വകുപ്പിന്റെ നിലപാട്. സീനിയർ തസ്തികയിലേക്ക് ഇപ്പോൾ നേരിട്ട് നിയമനങ്ങൾ നടത്താറില്ലെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ട്രിബ്യൂണൽ വിധിക്കുശേഷവും ഇത്തരം വാദങ്ങളുന്നയിക്കുന്നത് നീതികേടാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.

പി.എസ്.സി. പരീക്ഷ നടത്തുകയും റാങ്ക് പട്ടിക തയ്യാറാക്കുകയും ചെയ്തശേഷം ഒഴിവുകൾ നിലവിലുള്ള ജീവനക്കാർക്ക് അവകാശപ്പെട്ടതാണെന്ന നിലപാടെടുക്കുന്നത് ക്രൂരതയാണ്. തസ്തികമാറ്റം വഴി നിയമനം ലഭിക്കാൻ സാധ്യതയുള്ള ജീവനക്കാരെക്കൊണ്ട് തങ്ങൾക്കെതിരേ കേസുകൾ നൽകിക്കാൻ വകുപ്പിലെ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന ആരോപണവും ഉദ്യോഗാർഥികൾ ഉന്നയിക്കുന്നുണ്ട്.

Tags