പിഎസ് സി പരീക്ഷാ തട്ടിപ്പ്: ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി അംഗങ്ങൾ; ചെയർമാനോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

PSC exam fraud: Members appear before Crime Branch; Chairman directed to appear on Wednesday

തിരുവനന്തപുരം: പിഎസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ നിർണായക അന്വേഷണ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. രണ്ട് പിഎസ് സി അംഗങ്ങൾ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയരായി. ഡോ. എസ്. ശ്രീകുമാർ, എസ്. എ. സെയിഫ് എന്നിവരാണ് എസ്‌ഐടി തലവൻ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നിൽ ഹാജരായത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇരുവരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കേസുമായി ബന്ധപ്പെട്ട് നാളെയും രണ്ട് പിഎസ് സി അംഗങ്ങളോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്.പിഎസ് സി ചെയർമാൻ ഡോ. എം. ആർ. ബൈജുവിനോട് വരുന്ന ബുധനാഴ്ച ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകി. മുൻപ് ക്രൈംബ്രാഞ്ചിന് മുന്നിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പിഎസ് സി. ചോദ്യം ചെയ്യൽ നടപടികൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിഎസ് സിയുടെ ഹർജി കോടതി അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് അംഗങ്ങൾ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നിർബന്ധിതരായത്

പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ പിഎസ് സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയ ശുപാർശയിൽ ഉടനടി നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്ന് പിഎസ് സി യോഗം തീരുമാനിച്ചു. വിഷയത്തിൽ രാഷ്ട്രപതി സ്വീകരിക്കുന്ന അന്തിമ നിലപാട് അറിഞ്ഞ ശേഷം മാത്രം തുടർചർച്ചകൾ മതിയെന്നാണ് കമ്മീഷന്റെ ധാരണ. ഗവർണർ രാഷ്ട്രപതിക്ക് സമർപ്പിച്ച ശുപാർശയുടെ വിശദാംശങ്ങളോ ഔദ്യോഗിക രേഖകളോ ഇതുവരെ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.

Tags