സംസ്ഥാനത്ത് സാന്ത്വന പരിചരണം നൽകാൻ 9,838 കുടുംബശ്രീ അംഗങ്ങൾ

kudumbasree

പന്തളം : സംസ്ഥാനത്ത് സാന്ത്വന പരിചരണം നൽകാൻ 9838 കുടുംബശ്രീ അംഗങ്ങൾ വീടുകളിലെത്തുമ്പോൾ, വൈദഗ്‌ധ്യമുള്ള ജോലിക്കാരായി വിളിച്ചാൽ വിളിപ്പുറത്തെത്താൻ 3841 പേർ തയ്യാറെടുക്കുന്നു. ഇവർക്കുള്ള പരിശീലനം താമസിയാതെ പൂർത്തിയാകും.കുടുംബശ്രീ വിജ്ഞാനകേരളം തൊഴിൽ കാംപെയ്‌ന്റെ ഭാഗമായി നടത്തിയ സർവേയിലാണ്, സംസ്ഥാനത്തെ 1070 സി.ഡി.എസിൽനിന്നായി 9838 സാന്ത്വനമിത്രം അംഗങ്ങളെയും പ്ലംബിങ്, വയറിങ് തുടങ്ങി വിവിധ മേഖലകളിൽ ജോലിക്കാരായി എത്താൻ കഴിയുന്ന 3841 പേരെയും കണ്ടെത്തിയിട്ടുള്ളത്. ഇരുവിഭാഗത്തിലും എറണാകുളം ജില്ലയിലാണ് കൂടുതൽ ആളുകളുള്ളത്.

tRootC1469263">

തദ്ദേശഭരണ സ്ഥാപനങ്ങളിലെ കിടപ്പുരോഗികളുള്ള കുടുംബങ്ങൾക്ക് പരിചരണസേവനം നൽകുന്നതിനാണ്, ഈ രംഗത്ത് പ്രവർത്തിക്കാൻ താത്പര്യവും കഴിവുമുള്ളവരെ കണ്ടെത്തി നൈപുണ്യപരിശീലനം നൽകി കെയർ ഗിവേഴ്സ് എന്നനിലയിൽ സേവനം ലഭ്യമാക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, അയൽക്കൂട്ട കുടുംബങ്ങൾ, ഓക്സിലറി അംഗങ്ങൾ എന്നിവരിൽനിന്നാണ് സേവനതത്പരരെ കണ്ടെത്തിയിട്ടുള്ളത്.

വീടുകളിലെ കിടപ്പുരോഗികൾ, ആശുപത്രി ബൈസ്റ്റാൻഡർമാർ, പ്രസവാനന്തരശുശ്രൂഷ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് പാർട്‌ടൈം ആയോ, പൂർണസമയമായോ കെയർ ഗിവേഴ്സിനെ ലഭ്യമാക്കും. സേവനസമയമനുസരിച്ച് തുക ഈടാക്കുകയും ചെയ്യും. സി.ഡി.എസ്.തലത്തിൽ കണ്ടെത്തിയവർക്ക് പരിശീലനം നൽകി, പരിചരണസേവനം ആവശ്യമുള്ള കുടുംബങ്ങൾക്ക് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. രജിസ്റ്റർചെയ്തിട്ടുള്ളവർക്ക് പരിശീലനം ആരോഗ്യവകുപ്പാണ് നൽകുന്നത്. ബ്ലോക്കുതലത്തിലാകും ഇത് സംഘടിപ്പിക്കുന്നത്.

കേരള കെയർ ഗിവർ ഡാഷ്‌ബോർഡ് പ്രകാരം ആകെ 2.14 ലക്ഷം കിടപ്പുരോഗികൾ കേരളത്തിലുണ്ടെന്നാണ് കണക്ക്. മാസത്തിൽ ഒന്നോ രണ്ടോ തവണ പാലിയേറ്റീവ് നഴ്‌സുമാരുടെ സേവനം ലഭിക്കുന്നുണ്ടെങ്കിലും, സ്ഥിരമായ സേവനം അവർക്ക് കിട്ടുന്നില്ല. കിടപ്പുരോഗികളിൽ 55.2 ശതമാനം സ്ത്രീകളും 44.8 ശതമാനം പുരുഷന്മാരുമാണ്. ഇതിൽത്തന്നെ 71-നും 80-നുമിടയിൽ പ്രായമുള്ളവരാണ് കൂടുതൽ. 81-നും 90-നുമിടയിൽ പ്രായമുള്ളവരാണ് തൊട്ടുതാഴെ. 18 വയസ്സുവരെയുള്ളവരാണ് ഏറ്റവും കുറവ്.

ഐ.ടി.ഐ., പോളിടെക്‌നിക് തുടങ്ങിയ സാങ്കേതികയോഗ്യതകളുള്ളവരെ ഉൾപ്പെടുത്തിയാണ് സ്കിൽ അറ്റ് കാൾ പദ്ധതി തുടങ്ങുക. ജനങ്ങൾക്ക് ഇലക്ട്രിക്കൽ ജോലി, ഇലക്ട്രോണിക്സ് റിപ്പയർ, വീട്ടുപകരണങ്ങളുടെ പരിപാലനം, പ്ലംബിങ് സേവനം, ഗാർഡനിങ്, ലാൻഡ് സ്കേപ്പിങ്, പെയിന്റിങ്, ഡീപ് ക്ലീനിങ് തുടങ്ങിയ സേവനങ്ങൾ ആവശ്യാനുസരണം പണമീടാക്കി നൽകുന്നതിനാണ്‌ സ്കിൽ @ കാൾ പദ്ധതി. പരിശീലനം കെ-ഡിസ്കും കുടുംബശ്രീയും ചേർന്ന് ബ്ലോക്കുതലത്തിൽ സർക്കാർ ഐ.ടി.ഐ.കളെ പ്രയോജനപ്പെടുത്തിയാണ് നൽകുന്നത്.

Tags