പാലക്കാട്–കോഴിക്കോട് ദേശീയപാത 966-ൽ പുതിയ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാത 966-ൽ പുതിയ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെപ്രതിഷേധം ശക്തമാകുന്നു. ദേശീയപാതയിലെ മൈലംപുള്ളിയിലാണ് പുതിയ ടോൾ പ്ലാസയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അധികൃതർ വേഗത്തിലാക്കുന്നത്. അശാസ്ത്രീയമായ റോഡ് വികസനവും തുടർച്ചയായ വാഹനാപകടങ്ങളും പരിഹരിക്കാതെ സാധാരണക്കാരെ പിഴിയാനാണ് നീക്കമെന്ന് ആരോപിച്ച് രാഷ്ട്രീയ-സാമൂഹിക സംഘടനകൾ സമരരംഗത്തേക്ക് ഇറങ്ങി. 200 കോടിയിലധികം രൂപ ചെലവഴിച്ച് നാട്ടുകൽ–താണാവ് പാത വികസനം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ദേശീയപാത അതോറിറ്റി ഇവിടെ ടോൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. എന്നാൽ പ്രദേശവാസികളെയും പതിവ് യാത്രക്കാരെയും ദുരിതത്തിലാക്കുന്ന ടോൾ പിരിവ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.
നേരത്തെ ദേശീയപാത 966-ൽ മുണ്ടൂർ ഐആർടിസിക്ക് സമീപം ടോൾ ബൂത്ത് സ്ഥാപിക്കാനായിരുന്നു അധികൃതരുടെ പദ്ധതി. ഇതിനായി സ്ഥലമേറ്റെടുക്കുകയും അതിനനുസരിച്ച് പാത നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ഗേറ്റിന് തൊട്ടടുത്തുള്ള ചെർപ്പുളശ്ശേരി പാതയിലൂടെ പോകുന്ന യാത്രക്കാരും അനാവശ്യമായി ടോൾ നൽകേണ്ടിവരുമെന്ന സാഹചര്യം വന്നതോടെ വലിയ ജനകീയ എതിർപ്പുയരുകയും തുടർന്ന് പദ്ധതി നിർത്തിവെക്കുകയുമായിരുന്നു. മുണ്ടൂരിലെ പദ്ധതി ഉപേക്ഷിച്ച് മൂന്ന്-നാല് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അധികൃതർ മൈലംപുള്ളിയിലേക്ക് ടോൾ ബൂത്ത് നിർമ്മാണം മാറ്റിയിരിക്കുന്നത്. എന്നാൽ നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് ഈ പുനഃസ്ഥാപനമെന്ന് ടോൾ വിരുദ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
.jpg)

