പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം; പ്രകടനം നടത്താന്‍ അധ്യാപക സംഘടന

Controversy over Meenangadi school excursion Principal Shivi Krishnan transferred

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് മീനങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും. 

വയനാട് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിനോദയാത്ര വിവാദത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് മീനങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും. 

ഇടതുപക്ഷ അധ്യാപക സംഘടന നേതാവാണ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍. പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയതിനെതിരെ പ്ലസ് ടു വിദ്യാര്‍ത്ഥികളും ഇന്ന് സ്‌കൂളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ആരോപണ വിധേയനായ പിടിഎ പ്രസിഡന്റ് ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും. പിടിഎ പ്രസിഡന്റ് മദ്യപിച്ചു എന്ന കുട്ടികളുടെ ആരോപണത്തില്‍ വിശദീകരണം നല്‍കുമെന്നാണ് സൂചന.

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ പ്രിന്‍സിപ്പലിന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. വിവാദങ്ങളെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്‌കൂള്‍ പഠനയാത്ര നടത്തിയെന്ന് കണ്ടെത്തിയാണ് പ്രിന്‍സിപ്പലിനെ അദ്ദേഹത്തിന്റെ വീടിന് അടുത്തുള്ള വടുവഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റിയത്.

Tags