കൊല്ലം-തേനി ദേശീയപാത: നിലവിലെ പാത വീതികൂട്ടി നാലുവരിപ്പാതയാക്കാന്‍ നിര്‍ദേശം

Proposal to widen the Kollam Theni national highway and make it a four lane road
Proposal to widen the Kollam Theni national highway and make it a four lane road

കൊല്ലം-തേനി ദേശീയപാത 183ന്റെ വികസനത്തിന്റെ അലൈന്‍മെന്റ് സ്ഥിരീകരിച്ചു. നിലവിലെ ദേശീയപാത വീതികൂട്ടി നാലുവരിപ്പാതയാക്കാനാണ് നിര്‍ദേശം. ഗ്രീന്‍ഫീല്‍ഡ് ബൈപാസ് ഒഴിവാക്കിയാണ് വികസനം. മൂന്നാഴ്ചക്കകം ഭൂമി ഏറ്റെടുക്കലിന് മൂന്ന് എ വിജ്ഞാപനം പുറപ്പെടുവിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചെയര്‍മാനായ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (ദിശ) രണ്ടാം പാദയോഗത്തില്‍ ദേശീയപാത ഉദ്യോഗസ്ഥരാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. 

സമയബന്ധിതമായി ഭരണനടപടികളും ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയാക്കാനും പദ്ധതിയുടെ ഫണ്ട് ലഭ്യമാക്കുന്ന തരത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്താനും  ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊല്ലത്തെ റോഡ് വികസനത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയ യോഗം, പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ജില്ലയില്‍നിന്ന് സമര്‍പ്പിച്ച പ്രധാന റോഡുകളുടെ വികസനങ്ങള്‍ക്കുപോലും ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാനും തീരുമാനിച്ചു. 

പ്രധാനമന്ത്രി ആവാസ് യോജന(ഗ്രാമീണ്‍) ഭവന നിര്‍മാണ പദ്ധതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കേണ്ട വിഹിതം പദ്ധതിയില്‍ വകയിരുത്താത്തതിനാല്‍ ഫണ്ട് ലഭിക്കാത്ത സാഹചര്യം കൊണ്ട് കേന്ദ്രം അനുവദിച്ച മുഴുവന്‍ വീടുകളും ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയാത്ത സാഹചര്യം ഗൗരവമായി പരിശോധിക്കണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മുഴുവന്‍ വീടുകളും ഈ സാമ്പത്തിക വര്‍ഷം തന്നെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള പദ്ധതികള്‍ സമര്‍പ്പിക്കാത്തതിനാല്‍ സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ട് വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത് പദ്ധതി സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാവണമെന്നും യോഗം നിര്‍ദേശിച്ചു. വിധവകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായ നാഷണല്‍ ഫാമിലി ബെനിഫിറ്റ് സ്‌കീം പ്രകാരം നല്‍കേണ്ട ധനസഹായത്തില്‍ വന്‍ കുടിശ്ശികയാണ് വന്നിട്ടുള്ളതെന്നും ഈ സാഹചര്യത്തില്‍ മുഴുവന്‍ കുടിശ്ശിക തുകയും അടിയന്തരമായി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

ജില്ലയിലെ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന 40 കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനം നടത്തി. കേന്ദ്രം അനുവദിക്കുന്ന ഫണ്ട് സമയബന്ധിതമായി ചെലവാക്കാനും ക്ഷേമവും വികസനവും ഉറപ്പാക്കാനും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതാകുമാരി, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി ഹരികുമാര്‍, പ്രോജക്ട് ഡയറക്ടര്‍ എസ്. ശ്രീശുഭ, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags