കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസിലർ നിയമനം ; ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസിലർ നിയമനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയ്ക്ക് കത്തയച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഡോ. റഷീദ് അഹമ്മദിനെ പ്രോ വി.സിയായി നിയമിച്ചതിലാണ് വകുപ്പിന്റെ നിർണായക ഇടപെടൽ. വിഷയത്തിൽ മുസ്ലിം ലീഗ് കടുത്ത എതിർപ്പുന്നയിച്ചതിന് പിന്നാലെയാണ് ഈ നീക്കം. റഷീദ് അഹമ്മദ് പ്രൊഫസറായിരുന്ന കരുവാരക്കുണ്ട് കെ.ടി.എം കോളേജിനോടും വിശദീകരണം തേടിയിട്ടുണ്ട്.
സർക്കാരിന്റെ അനുമതിയില്ലാതെ എങ്ങനെ നിയമനം നടത്തിയെന്നും, എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫസറെ കെ.ടി.എം കോളേജിൽ നിന്ന് വിടുതൽ ചെയ്തതെന്നുമാണ് വകുപ്പ് ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾ. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് സർവകലാശാല റഷീദ് അഹമ്മദിനെ പ്രോ വി.സിയായി നിയമിച്ചത്. നിലവിലെ സാഹചര്യവും നിയമനത്തിന് വഴിവെച്ച വിവരങ്ങളും വ്യക്തമാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സർവകലാശാല വൈസ് ചാൻസിലർ വ്യക്തി താല്പര്യം മുൻനിർത്തിയാണ് നിയമനം നടത്തിയതെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം. റഷീദ് അഹമ്മദ് ലീഗ് നേതാവാണെങ്കിലും, ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ സക്കീർ ഹുസൈനെയായിരുന്നു പാർട്ടി നോമിനിയായി നിർദേശിച്ചിരുന്നത്.
.jpg)

