വയനാട് എംപിയായി കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു

Priyanka Gandhi took oath as Wayanad MP in her Kerala guise holding up the constitution
Priyanka Gandhi took oath as Wayanad MP in her Kerala guise holding up the constitution

കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി പാർലമെൻറിൽ. ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്കാ ഗാന്ധി. കേരളത്തിൽ നിന്നുളള പ്രതിനിധിയായി കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ സ്വഗതം ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രിയങ്കയും പങ്കാളിയായി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തിവെച്ചിരിക്കുകയാണ്.

പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്‍റില്‍ സാന്നിധ്യമാകുകയാണ്. സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. ഇന്നത്തെ പാര്‍ലമെന്‍റ് നടപടികളില്‍ പ്രിയങ്ക ഗാന്ധി ഭാഗമാകും. അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാർലമെന്റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബർട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു.  

വയനാട്ടിൽ മുൻ എംപി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്ന് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു പ്രിയങ്കയുടെ കന്നിവിജയം. ഏറെ നാൾ കോൺഗ്രസ് സംഘടനാ ചുമതല വഹിച്ച ശേഷമാണ് ജനപ്രതിനിധിയെന്ന കുപ്പായം പ്രിയങ്ക അണിയുന്നത്. പ്രിയങ്ക പാർലമെന്റിൽ ഉറച്ച ശബ്ദമായെത്തുന്നത് ഇന്ത്യാ മുന്നണിക്കും വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തൽ. പ്രിയങ്ക എംപിയാകുന്നതിൽ അഭിമാനമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. ലോകസഭാ സന്ദർശക ഗ്യാലറിയിൽ പ്രിയങ്കയുടെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ സോണിയ ഗാന്ധിയുമെത്തിയിരുന്നു.

Tags