ആദ്യമായി കണ്ടുമുട്ടിയ നാൾ മുതൽ അദ്ദേഹം തന്നെ സ്വന്തം മകളെപ്പോലെയാണ് സ്നേഹിച്ചിരുന്നത് ; ചെറുവയൽ രാമന്റെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി പ്രിയങ്ക ഗാന്ധി
ചെറുവയൽ രാമന്റെ വിയോഗത്തിൽ അവസാനമായി അദ്ദേഹത്തെ കാണാൻ കഴിയാതെ പോയതിന്റെ വേദന പങ്കുവെച്ച് വയനാട് എം.പി. പ്രിയങ്ക ഗാന്ധി. പത്മശ്രീ ജേതാവും ‘നെല്ലച്ഛൻ’ എന്നറിയപ്പെട്ടിരുന്ന ചെറുവയൽ രാമന്റെ (75) വിയോഗത്തിലാണ് പ്രിയങ്ക ഗാന്ധി സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.
ചെറുവയൽ രാമനെ ആദ്യമായി കണ്ടുമുട്ടിയ നാൾ മുതൽ അദ്ദേഹം തന്നെ സ്വന്തം മകളെപ്പോലെയാണ് സ്നേഹിച്ചിരുന്നതെന്ന് പ്രിയങ്ക അനുസ്മരിച്ചു. സ്നേഹത്തോടെയും ആദരവോടെയും അദ്ദേഹത്തെ ‘മലയാളി അച്ഛൻ’ എന്നാണ് വിളിച്ചിരുന്നതെന്നും അവർ കുറിച്ചു. ഒരു മാസം മുമ്പ് സംസാരിച്ചപ്പോൾ തന്നെ കാണാൻ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡൽഹിയിലെ രാഷ്ട്രീയ സാഹചര്യങ്ങളും തിരക്കുകളും കാരണം കൂടിക്കാഴ്ച സാധ്യമായില്ല. പെട്ടെന്ന് തിരിച്ചെത്താമെന്ന് കരുതി യാത്ര വെട്ടിച്ചുരുക്കി മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ വിയോഗവാർത്ത കേട്ടപ്പോൾ ഹൃദയം തകർന്നുപോയെന്നും പ്രിയങ്ക കുറിപ്പിൽ വ്യക്തമാക്കി.
ജ്ഞാനസമ്പന്നനും ധീരനുമായ വ്യക്തിത്വമായിരുന്നു ചെറുവയൽ രാമന്റേതെന്ന് പ്രിയങ്ക പറഞ്ഞു. സമൂഹത്തിലെ വിവേചനങ്ങളും അനീതികളും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. സ്വന്തം ജനതയ്ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാൻ കഴിയാത്തിടത്തോളം തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങൾക്ക് വിലയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും പ്രിയങ്ക ഓർത്തെടുത്തു. സ്വന്തം പാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനംകൊണ്ട അദ്ദേഹം അവസാന ശ്വാസംവരെ തദ്ദേശീയ വിത്തുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ചു.
വയനാട് മാനന്തവാടി കമ്മനയിലെ വീട്ടിലിരുന്ന് കേരളത്തിന്റെ തനിമയുള്ള 45ലധികം അപൂർവ നെൽവിത്തുകളാണ് ചെറുവയൽ രാമൻ സംരക്ഷിച്ചത്. രാസവളങ്ങൾ ഒഴിവാക്കി ജൈവകൃഷിരീതിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. കർഷകസമൂഹത്തിന് നൽകിയ ഈ സംഭാവനകൾ പരിഗണിച്ച് 2023ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. വയനാടിന്റെ കാർഷിക പൈതൃകം കാത്തുസൂക്ഷിച്ച നെല്ലച്ഛന്റെ വിയോഗം വിത്തുസംരക്ഷണ മേഖലയ്ക്കും കർഷകസമൂഹത്തിനും വലിയ നഷ്ടമാണ്.
.jpg)


