യുവാക്കൾ ചരിത്രം വായിച്ചാൽ ആർ.എസ്.എസ് വ്യാജ സംഘടനയാണെന്ന് മനസ്സിലാവും : പ്രിയങ്ക് എം. ഖാർഗെ
കൊച്ചി : യുവാക്കൾ ചരിത്രം വായിച്ചാൽ ആർ.എസ്.എസ് വ്യാജ സംഘടനയാണെന്ന് മനസ്സിലാവുമെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് എം. ഖാർഗെ. കൊച്ചി മറൈൻ ഡ്രൈവിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന സമാപനത്തിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന ഒരു വ്യക്തിക്കോ ഒരു സമൂഹത്തിനോ വേണ്ടിയല്ല നിലകൊള്ളുന്നതെന്നും ഭരണഘടനയെ തച്ചുടച്ചവര്‍ വീഴുന്ന കാലം വിദൂരമല്ലെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. ദേശഭക്തി സർട്ടിഫിക്കറ്റ് നൽകാൻ ആർ.എസ്.എസ് ആരാണ്. കഴിഞ്ഞ 70 വർഷമായി ആർ.എസ്.എസിനെയും ബി.ജെ.പിയെയും പുറത്തുനിർത്തിയ കേരളത്തോട് നന്ദി പറയുന്നു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുത്തവരും അവരില്‍ നിന്നു പെന്ഷന് വാങ്ങിയവരും ഇന്ന് ഇന്ത്യ ഭരിക്കുമ്പോള്‍ എങ്ങനെയാണ് ഇന്ത്യയില്‍ ജനാധിപത്യം വാഴുകയെന്ന് അദ്ദേഹം ചോദിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുത്തു. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു. ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ്, ദേശീയ ഉപാധ്യക്ഷൻ അബ്ദുസമദ് സമദാനി തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളെ യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ കൂടി തീരുമാനിക്കും.
.jpg)

