പ്രിയദര്‍ശിനി പദ്ധതി ; പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍

ksrtc

സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും കനത്ത നഷ്ടത്തെക്കുറിച്ചും ഈ സമിതി വിശദമായി പഠിക്കും

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കായി നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയില്‍ സുപ്രധാന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനാണ് തീരുമാനം. പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും കനത്ത നഷ്ടത്തെക്കുറിച്ചും ഈ സമിതി വിശദമായി പഠിക്കും. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 13 -ാം തീയതി സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ പ്രത്യേക ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തിയതോടെ വരുമാന നഷ്ടം ഉണ്ടാകുന്നു എന്നാരോപിച്ച് സ്വകാര്യ ബസ് ഉടമകള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പണിമുടക്കും മാര്‍ച്ചും നടത്തിയിരുന്നു. പ്രിയദര്‍ശിനി പദ്ധതി വന്നതോടെ വരുമാനം കുത്തനെ കുറഞ്ഞു എന്നാണ് ബസ് ഉടമകളുടെ പരാതി. ഇന്ധന വിലയിലെ വര്‍ദ്ധനവ് കൂടി വന്നതോടെ പിടിച്ച് നില്‍ക്കാന്‍ കഴിയുന്നില്ല എന്നും ഉടമകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ പ്രത്യേക ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Tags