പ്രിയദർശിനി സൗജന്യയാത്ര നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു

No bus strike tomorrow; discussion to be held in the presence of Transport Minister on 13th

 തിരുവനന്തപുരം : പ്രിയദർശിനി സൗജന്യയാത്ര നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ രൂപവത്കരിച്ചു. റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാറാണ് കമ്മിറ്റി ചെയർമാൻ. സ്വകാര്യ ബസുകൾക്ക് ബസിനകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നൽകുമെന്നും, സംസ്ഥാനത്ത് സമഗ്രമായ ഗതാഗത നയം രൂപവത്കരിക്കുമെന്നും ബസ് ഉടമകളുമായി നടത്തിയ ചർച്ചക്ക് ശേഷം മന്ത്രി സി.പി. ജോൺ അറിയിച്ചു. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫിസിൽ രാവിലെ പത്ത് മണിക്കായിരുന്നു യോഗം.

എന്നാൽ, സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്നും റിപ്പോർട്ട് വന്ന് തീരുന്നതിന് മുമ്പ് തന്നെ പല ബസുകളും നിരത്തിൽ നിന്നും അപ്രത്യക്ഷമാകുമെന്നും ബസുടമകൾ ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ ബസുകൾ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് കടക്കുന്നില്ലെങ്കിലും, വരും ദിവസങ്ങളിൽ സംയുക്ത യോഗം ചേർന്ന് ഭാവി സമരപരിപാടികൾ തീരുമാനിക്കുമെന്ന് ഉടമകളുടെ പ്രതിനിധികൾ വ്യക്തമാക്കി.

പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് ശേഷമുള്ള പ്രതിസന്ധികൾ പരിഹരിക്കാനാണ് സർക്കാർ ചർച്ച വിളിച്ചുചേർത്തത്. കെ.എസ്.ആർ.ടിസിയിലെപോലെ ഈ പദ്ധതി സ്വകാര്യ ബസുകളിലും നടപ്പാക്കി, അതിനുള്ള തുക സർക്കാർ ഉടമകൾക്ക് നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

ഇവ കൂടാതെ ഡീസൽ സബ്‌സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക, യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളും ഉടമകൾ ശക്തമായി ഉന്നയിച്ചു. ബസുകളുടെ ദിവസ നികുതിയിൽ 130 മുതൽ 150 രൂപ വരെ സർക്കാർ കുറച്ചെങ്കിലും, അതുകൊണ്ട് യാതൊരുവിധ പ്രയോജനവും ലഭിക്കുന്നില്ലെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.

ഗ്രാമപ്രദേശങ്ങളിൽ ദിവസേന ഒമ്പത് സർവിസുകൾ നടത്തുന്ന ഒരു ബസിന് ഇന്ധനച്ചെലവായി മാത്രം 4,500 മുതൽ 5,000 രൂപ വരെ ആവശ്യമായി വരുന്നുണ്ട്. ലിറ്ററിന് 3.5 കിലോമീറ്റർ മാത്രമാണ് മൈലേജ് ലഭിക്കുന്നത്. നേരത്തെ ദിവസ വരുമാനം 9,000 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ 6,000 മുതൽ 7,000 രൂപ വരെയായി വരുമാനം ഇടിഞ്ഞത് ബസുടമകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ജീവനക്കാരുടെ പ്രതിദിന ശമ്പളം (1,000 – 1,200 രൂപ), ഫിനാൻസ് തിരിച്ചടവ്, ഇൻഷുറൻസ്, ടാക്സ്, അറ്റകുറ്റപ്പണികൾ തുടങ്ങിയ ചെലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ ബസ് ഓട്ടം നഷ്ടത്തിലാണെന്ന് ഉടമകൾ പറയുന്നു. സർക്കാർ ദിവസ നികുതിയിൽ 130 മുതൽ 150 രൂപ വരെ ഇളവ് നൽകിയെങ്കിലും അത് അപര്യാപ്തമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 

Tags