പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടന്‍ റദ്ദാക്കണം; കോംപറ്റീഷന്‍ കമ്മിഷന് മുന്നില്‍ ഹര്‍ജി
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് വിപണിയിലെ തുല്യ മത്സര സാഹചര്യത്തിന് വിരുദ്ധമാണെന്നും സ്വകാര്യ ബസുകളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം.
യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചു. ഹര്‍ജി സിസിഐ ഫയലില്‍ സ്വീകരിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിന്‍ ടി. ആലപ്പാട്ടാണ് ഹര്‍ജി നല്‍കിയത്.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് വിപണിയിലെ തുല്യ മത്സര സാഹചര്യത്തിന് വിരുദ്ധമാണെന്നും സ്വകാര്യ ബസുകളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. സാമ്പത്തിക പ്രതിസന്ധി കാരണം ഇതിനകം 750-ഓളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചതായും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു.
.jpg)

