മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ഇനി സ്വകാര്യബസുകളും ; 300 ബസുകൾ വാടകയ്‌ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി

Major irregularities at Sabarimala main store; Devaswom Vigilance finds fake purchases worth lakhs

 പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കാൻ പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി. പമ്പയിലേക്ക് സർവിസ് നടത്തുന്നതിനായി സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കാനാണ് തീരുമാനം. ഇതിനായി ലഭിച്ച ഇ-ടെൻഡറുകളുടെ പരിശോധന പുരോഗമിക്കുകയാണ്. കിലോമീറ്ററിന് കുറഞ്ഞ തുക രേഖപ്പെടുത്തിയ ബസുകൾക്കായിരിക്കും ടെൻഡർ ഉറപ്പിക്കുക. കേരളത്തിലെ വിവിധ ഡിപ്പോകളിലായി 300 സ്വകാര്യബസുകൾ ഓടിക്കാനാണ് തീരുമാനം.

മണ്ഡല-മകരവിളക്ക് സീസണിൽ കെ.എസ്.ആർ.ടി.സി ആദ്യമായാണ് സ്വകാര്യബസുകൾ സർവിസിനായി ഉപയോഗിക്കുന്നത്. ഡ്രൈവർ സഹിതം ബസ് നൽകാൻ താൽപര്യമുള്ളവരിൽനിന്നാണ് ടെൻഡർ ക്ഷണിച്ചത്. എട്ട് വർഷത്തിൽ താഴെ പഴക്കമുള്ളതും ടൂറിസ്റ്റ് ബസിന്റെ മാതൃകയിലുള്ളതുമായ ബസുകളെയാണ് പരിഗണിക്കുന്നത്. കെ.എസ്.ആർ.ടി.സി നിശ്ചയിച്ച നിരക്ക് തന്നെയായിരിക്കും വാടകയ്‌ക്കെടുത്ത ബസുകളിലും ഈടാക്കുക. എന്നാൽ കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം വരാനുണ്ട്. സ്വകാര്യബസ് ഉടമകളുമായി ചർച്ച നടത്തിയ ശേഷമാണ് ടെൻഡർ ക്ഷണിച്ചതെങ്കിലും പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.

തീർഥാടന സീസണിൽ പമ്പയിലേക്ക് പ്രധാനമായും ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവിസുകളായിരിക്കും നടത്തുക. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം സ്വകാര്യബസുകളിൽ ഉണ്ടാകില്ല. നിലവിൽ പമ്പയിലേക്ക് പതിവായി സർവിസ് നടത്തുന്ന പ്രിയദർശിനി ബസുകളും തീർഥാടനകാലത്ത് ഒഴിവാക്കിയേക്കും. മുൻ വർഷങ്ങളിൽ സീസണിലെ അധിക സർവിസുകൾക്കായി കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ വാങ്ങിയിരുന്നു. മണ്ഡല-മകരവിളക്ക് കാലത്തെ പമ്പ സർവിസ് പൂർത്തിയായ ശേഷം ഈ ബസുകൾ ആവശ്യമായ ഡിപ്പോകൾക്ക് കൈമാറുകയായിരുന്നു.

ശബരിമല സീസണിൽ വരുമാനം ഉയരുന്നുണ്ടെങ്കിലും ആവശ്യത്തിന് ബസുകൾ ഇല്ലാത്തതാണ് കെ.എസ്.ആർ.ടി.സിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവിലുള്ള ബസുകളിൽ ഭൂരിഭാഗവും 16 വർഷത്തിലേറെ പഴക്കമുള്ളവയാണ്. 15 വർഷം കഴിഞ്ഞ പൊതുമേഖലാ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രസർക്കാർ നയം നിലവിലുണ്ടെങ്കിലും ബസുകളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ബസുകളുടെ കാലാവധി 20 വർഷമാക്കിയിട്ടുണ്ട്. പുതിയ ബസുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക പരിമിതിയാണ് ഇത്തവണ സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കാനുള്ള പ്രധാന കാരണം.

Tags