സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണം ; ബസുടമകൾ വീണ്ടും സമരമുഖത്തേക്ക്
തിരുവനന്തപുരം: പ്രവർത്തന ചെലവ് കുറയ്ക്കാനുള്ള നിർദേശങ്ങളൊന്നും പ്രിയദർശിനി വിദഗ്ധ സമിതി റിപ്പോർട്ടിലില്ലെന്ന ആക്ഷേപവുമായി സ്വകാര്യ ബസുടമകൾ വീണ്ടും സമരമുഖത്തേക്ക്. ബസ് ചാർജും വിദ്യാർഥികളുടെ കൺസെഷനും വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കാൻ ബസുടമകൾ തീരുമാനിച്ചു.
കെഎസ്ആർടിസിയിൽ നടപ്പാക്കിയതുപോലെ സ്ത്രീ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസുകളിലും നടപ്പിലാക്കണമെന്നും അതിനായി KSRTCക്ക് നൽകുന്നത് പോലെ സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നുമാണ് ബസുടമകൾ വിദഗ്ധ സമിതിക്ക് മുമ്പിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം സമിതി അംഗീകരിച്ചില്ല. പകരം, സ്വകാര്യ ബസുകൾ KSRTCക്ക് വാടകയ്ക്ക് കൊടുക്കാനാണ് സമിതിയുടെ ശിപാർശ.
2022ലാണ് ബസ് നിരക്ക് അവസാനമായി വർധിപ്പിച്ചത്. അതിനുശേഷം നിരക്ക് കൂട്ടാൻ ആവശ്യപ്പെട്ടിരുന്നതായി ബസുടമകൾ പറയുന്നുണ്ടെങ്കിലും അങ്ങനെയൊരാവശ്യം വന്നിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ മറുപടി. വിദ്യാർഥി കൺസെഷൻ വർധിപ്പിക്കുന്നത് സംബന്ധിച്ച് രണ്ട് കമ്മീഷനുകൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിദ്യാർഥി കൺസെഷൻ കുറഞ്ഞത് 5 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
കമ്മിറ്റി നിർദേശിക്കുന്നതുപോലെ യാത്ര ഫ്യുവൽസിൽ നിന്ന് ഡീസലടിക്കുന്നത് അപ്രായോഗികമെന്നാണ് ചില ബസുടമകളുടെ പരാതി. സ്റ്റേജ് കാര്യേജ് ബസുകൾക്ക് മാത്രമായി ഡീസലിനുള്ള വാറ്റ് നികുതി കുറക്കണമെന്ന ആവശ്യവും ബസുടമകൾ ഉയർത്തുന്നുണ്ട്.
.jpg)

