ബസുകൾ തമ്മിലുള്ള മത്സരഓട്ടവും സംഘർഷവും ചോദ്യം ചെയ്ത യാത്രക്കാരന്റെ മുഖത്തിടിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ ; ഡ്രൈവർക്കായി തിരച്ചിൽ
കൊച്ചി: ബസുകൾ തമ്മിലുള്ള മത്സരഓട്ടവും സംഘർഷവും ചോദ്യം ചെയ്ത യാത്രക്കാരനെ നടുറോഡിൽ മുഖത്തിടിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. എറണാകുളത്ത് താമസിക്കുന്ന ആലപ്പുഴ നൂറനാട് സ്വദേശി ശ്രീകുമാറാണ് (34) അറസ്റ്റിലായത്.
കൈയിൽ നാണയത്തുട്ടുകൾ ചുരുട്ടിപ്പിടിച്ച് യാത്രക്കാരനായ ഇടപ്പള്ളി സ്വദേശി ഷംഷീറിന്റെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഇടിയുടെ ആഘാതത്തിൽ ഷംഷീറിന്റെ മൂക്ക് തകർന്നു. കഴിഞ്ഞദിവസം ദേശീയപാതയിൽ വൈറ്റിലക്കും പാലാരിവട്ടത്തിനും ഇടയിലുള്ള ചളിക്കവട്ടം ഗീതാഞ്ജലി ജങ്ഷനിലായിരുന്നു സംഭവം.
വൈറ്റിലയിൽ വെച്ച് ’എൻപീസ്’, ’സുൽത്താന’ എന്നീ സ്വകാര്യ ബസുകൾ തമ്മിൽ സമയക്രമത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ചളിക്കവട്ടത്തുവെച്ച് സുൽത്താന ബസ് എൻപീസ് ബസിന് കുറുകെ നിർത്തി തടസ്സമുണ്ടാക്കി. സുൽത്താനയുടെ ഡ്രൈവറായ അനുരാജ് (അജു) ഇറങ്ങിവന്ന് എൻപീസ് ബസിലെ കണ്ടക്ടറായ സനീഷിന്റെ തലക്കിടിച്ചു. ശേഷം ബസുമായി പോയി.
ഈ അതിക്രമം കണ്ട് പ്രകോപിതരായ യാത്രക്കാർ ഗീതാഞ്ജലി ജങ്ഷനിൽവെച്ച് സുൽത്താന ബസ് തടഞ്ഞുനിർത്തി. പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയിലാക്കണമെന്നും പ്രശ്നത്തിന് പരിഹാരം കണ്ടിട്ട് ബസ് മുന്നോട്ട് എടുത്താൽ മതിയെന്നും പറഞ്ഞു. ഈ തർക്കത്തിൽ ഇടപെട്ടപ്പോഴാണ് സുൽത്താന ബസിലെ കണ്ടക്ടറായ ശ്രീകുമാർ യാത്രക്കാരനായ ഷംഷീറിനെ മർദിച്ചത്.
കണ്ടക്ടറുടെയും ഡ്രൈവറുടെയും ഗുണ്ടായിസത്തെ തുടർന്ന് ദേശീയപാതയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് പാലാരിവട്ടം പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും അക്രമം നടത്തിയ സുൽത്താൻ ബസ് അവിടെനിന്ന് പോയിരുന്നു. തുടർന്ന് പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എന്നാൽ, കമ്പിവള കൊണ്ട് കണ്ടക്ടറുടെ തലക്കടിച്ച ഡ്രൈവർ അനുരാജ് നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
.jpg)

