മീനങ്ങാടി സ്കൂളിലെ പ്രിൻസിപ്പലിന്റെ സ്ഥലം മാറ്റം: വിദ്യാർത്ഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചു
കൽപ്പറ്റ: മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് പഠിപ്പുമുടക്കി പ്രതിഷേധം ആരംഭിച്ചത്. സ്ഥലം മാറ്റാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകി.
സർക്കാർ നിർദേശം പാലിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും ഇത് വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പലിനെതിരെ സ്ഥലം മാറ്റ നടപടിയുണ്ടായത്. ഇതിനുപുറമെ, ആരോപണവിധേയനായ പിടിഎ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ പിന്നീട് നടന്ന വൈദ്യപരിശോധനയിൽ പ്രിൻസിപ്പലിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തുകയായിരുന്നു. വിഷയത്തിൽ ആരോപണവിധേയനായ പിടിഎ പ്രസിഡന്റ് ഹാജിസ് മാധ്യമങ്ങളെ കാണും.
.jpg)

