ലഹരി കേസില്‍ അറസ്റ്റിലായ പ്രിന്‍സ് നയിച്ചത് അത്യാഡംബര ജീവിതം; രണ്ട് മാസമായി അക്കൗണ്ടിലൂടെ മാത്രം 80 ലക്ഷത്തിന്റെ ഇടപാട്

prince
prince

കേരളത്തിലേക്ക് വന്‍ തോതില്‍ എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രിന്‍സെന്നും പൊലീസ് പറഞ്ഞു.

ലഹരി കേസില്‍ അറസ്റ്റിലായ ടാന്‍സാനിയന്‍ സ്വദേശി പ്രിന്‍സ് സാംസണ്‍ ബെംഗളൂരുവില്‍ അത്യാഡംബര ജീവിതം നയിച്ചിരുന്നതായി പൊലീസ്. ബെംഗളൂരു ഗോബ വില്ലേജിലെ ഫ്‌ലാറ്റില്‍ പെണ്‍ സുഹൃത്തിനൊപ്പമാണ് പ്രിന്‍സ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ലഹരികടത്തുമായി ബന്ധമില്ലെന്ന് മനസിലായതോടെ വെറുതെ വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലേക്ക് വന്‍ തോതില്‍ എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രിന്‍സെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി ഉപയോഗിച്ചുവരുന്ന അക്കൗണ്ടിലൂടെ മാത്രം 80 ലക്ഷം രൂപയുടെ പണമിടപാട് പ്രിന്‍സ് നടത്തിയതായാണ് വിവരം. ഇതുപോലെ വേറെയും അക്കൗണ്ടുകളുണ്ടെന്നും വിവരമുണ്ട്. ഇതിനെ സംബന്ധിച്ചുളള അന്വേഷണം പൊലീസ് നടത്തിവരികയാണ്.

 ബെംഗളൂരുവില്‍ നിന്നാണ് കേരള പൊലീസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 24 ന് മുത്തങ്ങയില്‍ പിടിയിലായ 94 ഗ്രാം എംഡിഎംഎ കേസിലെ അന്വേഷണത്തിലാണ് പ്രിന്‍സ് പിടിയിലാകുന്നത്. ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ത്ഥിയാണ് പിടിയിലായ പ്രിന്‍സ് സാംസണ്‍.

Tags