രാഷ്ട്രപതിയുടെ സന്ദർശനം തൃശ്ശൂരിന് നൽകിയ സമ്മാനം; വിമർശകർക്ക് മറുപടിയുമായി സുരേഷ് ഗോപി

President's visit is a gift to Thrissur; Suresh Gopi responds to critics

 തൃശ്ശൂർ: രാഷ്ട്രപതിയുടെ സന്ദർശനം തൃശ്ശൂരിലെ ജനങ്ങൾക്ക് തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി നൽകാൻ കഴിഞ്ഞ വലിയൊരു സമ്മാനമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സന്ദർശനം കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് ചോദിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകിക്കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.രാഷ്ട്രപതിയെ തൃശ്ശൂരിലെത്തിക്കാൻ സാധിച്ചത് ഒരു പുണ്യമായാണ് കരുതുന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സന്ദർശനത്തിന്റെ ഭാഗമായി തൃശ്ശൂർ നഗരത്തിലും, ഗുരുവായൂരിലും, സി. അച്യുതമേനോൻ സ്മാരക ഗവ. കോളേജ് ഹെലിപ്പാഡ് പരിസരത്തും വലിയ തോതിലുള്ള ശുചീകരണവും റോഡ് നവീകരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് നടന്നത്. ഭാവിയിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഇതിലൂടെ ഉണ്ടായത്. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ എല്ലാ വർഷവും ഇതുപോലെ വന്നിരുന്നെങ്കിൽ നാടിന് ഇത്രയേറെ ഗുണമുണ്ടായേനെ എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഗുരുവായൂരിലെ മാറ്റങ്ങൾ കണ്ട് ജനങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരാഴ്ചയായി മനസ്സിലുണ്ടായിരുന്ന വിഷമങ്ങൾക്ക് അറുതിയായെന്നും സുരേഷ് ഗോപി കുറിപ്പിൽ പറയുന്നു. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് തിരുപ്പരൻകുണ്ഡ്രത്തിലേക്ക് പോകുന്ന സൈനിക, അർദ്ധസൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചതോടെ വലിയ ആത്മവിശ്വാസം ലഭിച്ചു. രഹസ്യസ്വഭാവമുള്ള കാര്യങ്ങളായതിനാൽ കൂടുതൽ വിവരങ്ങൾ അവർ പങ്കുവെച്ചില്ലെങ്കിലും എല്ലാ തരത്തിലും മധുരൈ സജ്ജമാകുമെന്നും 'വെട്രിവേൽ മുരുകന് ഹരോഹര' എന്നും അദ്ദേഹം കുറിച്ചു. തന്നെ വിജയിപ്പിച്ച ജനങ്ങളുടെ വിശ്വാസമാണ് തന്റെ കരുത്തെന്നും, തൃശ്ശൂരിനും കേരളത്തിനും വേണ്ടി കഴിയുന്ന എല്ലാ നന്മകളും ചെയ്യുക എന്നതാണ് തന്റെ കടമയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

  സുരേഷ് ഗോപിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എന്നെ വിജയിപ്പിച്ച തൃശ്ശൂരിന്, എന്റെ കേരളത്തിന്, എന്റെ ഹൃദയം നിറഞ്ഞ സമര്‍പ്പണം

ഇന്നലെ തൃശ്ശൂരിലെത്തിയ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനം എനിക്ക് ഒരു ഔദ്യോഗിക പരിപാടി മാത്രമായിരുന്നില്ല. എന്നെ വിശ്വസിച്ച് പാര്‍ലമെന്റിലേക്ക് അയച്ച തൃശ്ശൂരിലെ ജനങ്ങള്‍ക്ക്, എന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി നല്‍കാന്‍ കഴിഞ്ഞ ഒരു സമ്മാനമായാണ് ഈ സന്ദര്‍ശനത്തെ ഞാന്‍ കാണുന്നത്.

രാഷ്ട്രപതി വന്നതുകൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുന്നവരുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. സന്ദര്‍ശനത്തിന്റെ ഭാഗമായി തൃശ്ശൂരിന്റെ പല ഭാഗങ്ങളിലും വഴികള്‍ തെളിഞ്ഞു, ശുചീകരണം നടന്നു, റോഡുകള്‍ പുതുക്കപ്പെട്ടു, ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കപ്പെട്ടു. തൃശ്ശൂര്‍ മാത്രമല്ല, ഗുരുവായൂരിലും അതുപോലെ സഖാവ് സി. അച്യുതമേനോന്‍ സ്മാരക കോളേജിന്റെ ഹെലിപ്പാഡിലുമെല്ലാം നാളെ ജനങ്ങള്‍ക്ക് ഒരത്യാവശ്യത്തിന് ഉപകരിക്കുന്ന തരത്തിലുള്ള പുതുക്കലുകളും നവീകരണ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കപ്പെട്ടു. പ്രത്യേകിച്ച് ഗുരുവായൂരില്‍ നടന്ന ഈ മാറ്റങ്ങളെക്കുറിച്ച്, 'രാഷ്ട്രപതിമാരോ ഉപരാഷ്ട്രപതിമാരോ പ്രധാനമന്ത്രിമാരോ എല്ലാ വര്‍ഷവും ഇതുപോലെ ഒന്ന് വന്നിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഇത്രയേറെ ഗുണം ഉണ്ടായേനെ' എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളില്‍ നിന്നുണ്ടായത്. ഇതെല്ലാം ചെയ്യാന്‍ രാജ്യത്തിന്റെ പ്രഥമ പൗര എത്തേണ്ടിവന്നു എന്നത് നാം ചിന്തിക്കേണ്ട കാര്യമാണ്.

അതേസമയം, അതിന്റെ പ്രയോജനം ലഭിക്കുന്നത് തൃശ്ശൂരിലെ സാധാരണ ജനങ്ങള്‍ക്കാണ്. അതിലുപരി, അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാധിച്ചു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഇന്നലെ സംഗീത നാടക അക്കാദമിയില്‍ വെച്ച് അവരുമായി ഇരുന്ന് അവരുടെ വിഷയങ്ങളും ജീവിതപ്രശ്‌നങ്ങളും നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞു.

രാഷ്ട്രപതിയുടെ അലിഖിത നിര്‍ദ്ദേശവും ഉപദേശവും അനുസരിച്ച്, അവിടെവെച്ചുതന്നെ എന്റെ ഉദ്യോഗസ്ഥര്‍ മുഖേന കേന്ദ്ര ഗോത്രവര്‍ഗകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഫോണിലൂടെ സംസാരിക്കുകയും, വിരമിച്ചവര്‍ അടക്കമുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന ഒരു ഉന്നതതല സമിതി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ ആദിവാസി സമൂഹത്തിന്റെയും ട്രൈബല്‍ ഫണ്ടുകള്‍ സംബന്ധിച്ചും കൃത്യമായ ഒരു കണക്കെടുപ്പ് നടത്തുന്നതിനായി ഈ സമിതി ഉടന്‍ അട്ടപ്പാടിയിലെത്തും. കേരളത്തിലെ മുഴുവന്‍ ആദിവാസി സമൂഹത്തിനും വേണ്ടിയുള്ള ഈ പ്രവര്‍ത്തനത്തില്‍ അട്ടപ്പാടിക്ക് പുറമെ മലക്കപ്പാറ, കോട്ടൂര്‍, ആറളം തുടങ്ങിയ മേഖലകളും ഉള്‍പ്പെടും.

അട്ടപ്പാടി സന്ദര്‍ശിച്ച് അവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കും. അവര്‍ക്കായി അനുവദിച്ച ഫണ്ടുകള്‍ എവിടെപ്പോയി, ആ സഹായങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഇതെല്ലാം ഞാന്‍ ചെയ്യുന്നത് കേന്ദ്ര സഹമന്ത്രിയെന്ന നിലയില്‍ മാത്രമല്ല, തൃശ്ശൂരിന്റെ ജനപ്രതിനിധി എന്ന നിലയില്‍ കൂടിയാണ്. ആ ഉത്തരവാദിത്തം ഇനിയും തുടരും.

കഴിഞ്ഞ ഒരാഴ്ചയായി മനസ്സില്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഇന്നലെ രാത്രി ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് തിരുപ്പറകുണ്ട്രത്തിലേക്ക് പോകുന്ന വിവിധ സൈനിക വകുപ്പിലെയും അര്‍ദ്ധസൈനിക വകുപ്പുകളിലെയും ഉദ്യോഗസ്ഥരുമായി കണ്ടു സംസാരിച്ചു. വലിയ ആത്മവിശ്വാസമാണ് നേടാന്‍ സാധിച്ചത്. രഹസ്യസ്വഭാവമുള്ളതുകൊണ്ട് അവരൊന്നും വിട്ടുപറഞ്ഞിട്ടില്ല; പക്ഷേ എല്ലാ തരത്തിലും മധുരൈ സജ്ജമാകും. വെട്രിവേല്‍ മുരുകന് ഹരോഹര.

എന്നെ വിജയിപ്പിച്ച ജനങ്ങളുടെ വിശ്വാസമാണ് എന്റെ കരുത്ത്. ആ വിശ്വാസത്തിന് മറുപടിയായി, കഴിയുന്ന എല്ലാ നന്മകളും തൃശ്ശൂരിനും കേരളത്തിനും വേണ്ടി ചെയ്യുക എന്നതാണ് എന്റെ കടമ.

Tags