ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയില്‍നിന്ന് നാട്ടിലേക്ക് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍

d

ഒരു മാസം മുൻപ് ജോലിക്കായി സനുക്കുട്ടൻ ദോഹയിലേക്ക് പോയതായിരുന്നു. ഭാര്യയുടെ മരണവിവരം അറിഞ്ഞ് സനുക്കുട്ടൻ നാട്ടിലേക്കു തിരിച്ചു.

എടത്വ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.എടത്വ കൊടുപ്പുന്ന പുത്തൻവീട്ടില്‍ പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത് .

രണ്ട് ദിവസം മുൻപ് സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പില്‍ ഹരീഷ്മയെ (27) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 3 മാസം ഗർഭിണിയായിരുന്നു ഹരീഷ്മ. ഒരു മാസം മുൻപ് ജോലിക്കായി സനുക്കുട്ടൻ ദോഹയിലേക്ക് പോയതായിരുന്നു. ഭാര്യയുടെ മരണവിവരം അറിഞ്ഞ് സനുക്കുട്ടൻ നാട്ടിലേക്കു തിരിച്ചു.

കണക്‌ഷൻ ഫ്ലൈറ്റില്‍ ബെംഗളൂരൂവില്‍ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്.ഇതനുസരിച്ച്‌ സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല.

ബെംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. പക്ഷേ, ഫോണില്‍ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പൊലീസുമായും ബന്ധപ്പെട്ടു.

ലോഡ്ജില്‍ മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതോടെ ബന്ധുക്കളെത്തി, മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയില്‍ നടത്തി.നാല് മാസം മുൻപാണ് സനുക്കുട്ടനും ഹരീഷ്മയും വിവാഹിതരായത്. 

Tags