മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ബന്ധുവും ഡിവൈഎഫ്‌ഐ നേതാവിന്റ ഭാര്യയും പട്ടികയിൽ ; പിആർഡി നിയമനം സ്റ്റേ ചെയ്തത് പിൻവാതിൽ നിയമനം മൂലമെന്ന് കെസി വേണുഗോപാൽ

Relative of a high-ranking official in the Chief Minister's office and wife of a DYFI leader are on the list; KC Venugopal says PRD appointment was stayed due to backdoor appointment

 ആലപ്പുഴ : പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ നിയമനത്തിനായി പി. എസ്. സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത് പിൻവാതിൽ നിയമനം മൂലമാണെന്ന്  എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. റാങ്ക് ലിസ്റ്റിലുള്ളവർ സമർപ്പിച്ച പരിചയ സർട്ടിഫിക്കറ്റുകളുടെ സാധുത ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ.
 
തിടുക്കത്തിൽ തയാറാക്കിയ ഇത്തവണത്തെ ലിസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരിൽനിന്നുള്ള ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയുമുണ്ട്. അതുപോലെ പലരും.
 
മുഖ്യമന്ത്രി ഭരിക്കുന്ന പബ്ലിക് റിലേഷൻസ് വകുപ്പിലാണു പുതിയ തട്ടിപ്പ്. രാഷ്ട്രീയ ശുപാർശയിൽ പിആർഡിയുടെ എംപാനൽമെന്റ് ലിസ്റ്റിൽ കയറിപ്പറ്റിയ പ്രദേശിക വാർത്താ ശേഖരണത്തിനുള്ള പ്രിസം പദ്ധതിക്കാരെ താൽക്കാലിക ജീവനക്കാരെന്ന പരിചയ സർട്ടിഫിക്കറ്റ് നൽകിയാണ് പിആർഡി പരീക്ഷയ്ക്ക് യോഗ്യരാക്കിയത്. ഇങ്ങനെ സർട്ടിഫിക്കറ്റ് നല്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.സർട്ടിഫിക്കറ്റുകളുടെ നിയമസാധുതയാണ് ട്രിബ്യൂണലിൽ ചോദ്യം ചെയ്യപ്പെട്ടത്.
 
തൊട്ടുമുമ്പുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2024 ജൂണിലാണ് അവസാനിച്ചത്. എന്നാൽ ഈ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമന നടപടി പൂർത്തിയാകുംമുമ്പ,് ഒരു വേക്കൻസിപോലും റിപ്പോർട്ട് ചെയ്യാതെ തന്നെ 2023 ഡിസംബർ 30ന് പുതിയ അപേക്ഷ ക്ഷണിച്ചു. പിആർഡിയുടെ പ്രതിനിധികളില്ലാതെ പിഎസ് സി ഇന്റർവ്യൂ നടത്തി. 2026 ഫെബ് 25ന് ലിസ്റ്റ് തയാർ ! സാധാരണ ഗതിയിൽ നാലോ അഞ്ചോ വർഷം എടുക്കാറുള്ള പ്രക്രിയയ്ക്ക് ഭരണം തീരുംമുൻപേ വേണ്ടി വന്നത് ഒരു വർഷവും രണ്ടു മാസവും മാത്രം !

പിൻവാതിൽ നിയമനത്തിൽ നിരാശരായ ഉദ്യോഗാർഥികളുടെ ചുടുകണ്ണീരിൽ ഈ സർക്കാർ  വെന്തുരുകും. അവരുടെ കണ്ണീരിനു വിലയുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പിആർഡി അസി. ഇൻഫർമേഷൻ ലിസ്റ്റ് ഉൾപ്പെടെ എല്ലാ അനധികൃത -പിൻവാതിൽ നിയമനങ്ങളും കർശനമായി പുനഃ പരിശോധിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Tags