'റിഷാനയിൽ നിന്നും പ്രവീൺ നാഥ് നേരിട്ടത് ക്രൂരമായ പീഡനം' : ആരോപണവുമായി സഹയാത്രിക കൂട്ടായ്മ

google news
praveen1

പങ്കാളിയായ റിഷാനയിൽ നിന്നും പ്രവീൺ നാഥ് നേരിട്ടത് ക്രൂരമായ പീഡനമെന്ന് ആരോപിച്ച് സഹയാത്രിക കൂട്ടായ്മ. മരിക്കുന്നതിന് മുൻപ് പ്രവീൺ കടന്നു പോയത് ദുർബലമായ മാനസികാവസ്ഥയിലൂടെയാണെന്നും സഹയാത്രിക ഫേസ്ബുക് പേജ് വഴിയുള്ള പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിഷയത്തിൽ പ്രവീണിന്റെ കുടുംബത്തോടൊപ്പം സഹയാത്രികയും നിയമനടപടികളിലൂടെ മുന്നോട്ട് പോകാൻ തീരുമാനിച്ചതായും അവർ വ്യക്തമാക്കി. ട്രാൻസ് വ്യക്തികളായ പ്രവീൺ നാഥും റിഷാനയും ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്.

” ഏപ്രിൽ 10 നു റിഷാന, പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീം നെ വിവരം അറിയിച്ച പ്രവീണിനെ ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീൺ ഏപ്രിൽ 10 നും ഏപ്രിൽ 2 നും തനിക്കു സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട്‌ വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ബന്ധപെട്ടപ്പോൾ പ്രവീൺ റിഷാനക്ക്‌ എതിരെ ക്രിമിനൽ കുറ്റം ചുമത്താൻ വിസമ്മതിച്ചു.” – പ്രസ്താവനയിൽ സഹയാത്രിക ആരോപണം ഉയർത്തി

മെയ് 4 ന് ആയിരുന്നു ബോഡിബിൽഡർ കൂടിയായ ട്രാൻസ്‌മാൻ പ്രവീൺ നാഥിനെ തൃശ്ശൂരിലെ വാടകവീട്ടിൽ വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന്, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോഡി ബിൽഡർ ആയിരുന്ന പ്രവീൺ 2021ൽ മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു. 2022 ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ്ങിന്റെ ഫൈനലിലും പ്രവീൺ മത്സരിച്ചു.

Tags