ഗുരുവായൂര്‍ ക്ഷേത്രത്തിലെ അന്നലക്ഷ്മി ഹാളില്‍ ഭക്തന് പ്രസാദഊട്ട് നിഷേധിച്ചതായി പരാതി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അന്നലക്ഷ്മി ഹാളില്‍ ഭക്തന് പ്രസാദഊട്ട് നിഷേധിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരന്‍ അപമാനിച്ച് പുറത്താക്കിയെന്നാണ് പാലക്കാട് പട്ടിക്കാട് കോട്ടപ്പാടം സ്വദേശി ഗോപാലകൃഷ്ണന്റെ ആരോപണം. സംഭവത്തില്‍ ഗോപാലകൃഷ്ണന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും അഡ്മിനിസ്‌ട്രേറ്റര്‍ക്കും പരാതി നല്‍കി.
ഇന്നലെയാണ് സംഭവം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രപരിസരത്തെ കടകളില്‍ താമരപ്പൂവ് വില്‍ക്കുന്നതിനായി ഗോപാലകൃഷ്ണന്‍ ദിവസവും ഗുരുവായൂരില്‍ എത്താറുണ്ട്. ഭഗവാനെ തൊഴുത് താമരപ്പൂവ് സമര്‍പ്പിച്ച ശേഷമാണ് പതിവായി പ്രസാദ ഊട്ടിനായി അന്നലക്ഷ്മി ഹാളിലെത്തുന്നത്. പതിവുപോലെ ഇന്നലെ എത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ ആട്ടിയോടിച്ചെന്നാണ് ഗോപാലകൃഷ്ണന്റെ പരാതി. ദിവസവും പ്രസാദ ഊട്ട് കഴിക്കാന്‍ പാടില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞതായും അദ്ദേഹം ആരോപിച്ചു. തിരക്കുള്ള സമയം ഭക്തരുടെ മുന്നില്‍വെച്ച് അപമാനിക്കപ്പെട്ടത് വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ ദേവസ്വം അധികൃതര്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
.jpg)


